മണിപ്പൂരിൽ പിടിയിലായ അക്രമികളുടെ കൈവശം ചൈനീസ് നിർമിത ആയുധങ്ങൾ, മൂന്നുപേർ കസ്റ്റഡിയിൽ

Monday 29 May 2023 5:42 PM IST

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ പിടിയിലായ മൂന്ന് അക്രമികളിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളിൽ ചൈനീസ് നിർമിത ആയുധങ്ങളും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്താനിരിക്കെയാണ് അക്രമികളെ സൈന്യം പിടികൂടിയത്. ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്റർ പ്രദേശത്ത് സംശയാസ്‌പദമായ രീതിയിൽ നാലുപേർ കാറിൽ യാത്ര ചെയ്യുന്നുണ്ടെന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അക്രമികൾ പിടിയിലായത്. സൈനികരെത്തി കാർ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ അകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയാണ് സൈനികർ ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ, ഇൻസാഫ് റൈഫിൾ എന്നിവയുൾപ്പടെ നിരവധി ആയുധങ്ങൾ കണ്ടെടുത്തു.

മണിപ്പൂരിൽ കലാപവും അക്രമവും തുടരുകയാണ്. ഇന്നലെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. അക്രമികൾ സെറോവിലും സുഗുനുവിലും നിരവധി വീടുകൾക്ക് തീയിട്ടു. ആയുധങ്ങളുമായി ഭീകരർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാൽപ്പത് ഭീകരരെ വെടിവച്ച് കൊന്നതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.