മണിപ്പൂർ കലാപത്തിന് ചൈനീസ് ആയുധം, സൈന്യത്തെ ആക്രമിക്കാനും പദ്ധതി
ഇംഫാൽ: മണിപ്പൂരിൽ കലാപത്തിനും സൈനികരെ ആക്രമിക്കാനും ഗോത്രവിഭാഗം ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങൾ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് 25 പേർ ഇത്തരം ആയുധങ്ങളുമായി പിടിയിലായി.
അത്യാധുനിക തോക്കുകളും മറ്റും ഗോത്ര വിഭാഗങ്ങളുടെ പക്കലെത്തിയത് അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. കലാപം സൃഷ്ടിക്കാനും സൈന്യത്തെ ആക്രമിക്കാനും പദ്ധതിയിട്ടതായി പിടിയിലായവർ കുറ്റസമ്മതം നടത്തി. ഇതിന് ചൈനയുടെ ഒത്താശയുണ്ടെന്നതിന് തെളിവാണ് കലാപകാരികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ.
ചൈനീസ് ആയുധങ്ങളുമായി ഞായറാഴ്ച രാത്രി ഏഴരയോടെ ഇംഫാൽ സിറ്റി സെന്റർ കൺവൻഷന് സമീപത്തെ സൈനിക പോസ്റ്റിൽ മൂന്നംഗ സംഘം അറസ്റ്റിലായതോടെയാണ് ആക്രമണ പദ്ധതി വെളിച്ചത്തായത്. ആൾട്ടോ കാറിലാണ് ഇവരെത്തിയത്. സംശയിക്കാതിരിക്കാൻ സാധാരണക്കാരെ പോലെയാണ് സഞ്ചരിക്കുന്നത്. ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പേർ സംഘത്തിലുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയത്. തുടർന്നുള്ള വ്യാപക പരിശോധനയിലാണ് മറ്റുള്ളവർ പിടിയിലായത്.
കുകി വിഭാഗത്തിലുള്ളവർ എം-16, എ.കെ-47 തോക്കുകളും സ്‌നിപ്പർ ഗണ്ണുകളും ഉപയോഗിച്ചാണ് സാധാരണ ജനവിഭാഗത്തിനുനേരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് പറഞ്ഞു. മേയ്തി വിഭാഗത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് മേയ് നാലിന് കലാപം പൊട്ടിപ്പുറപ്പെട്ടത്. കുകി - നാഗ വിഭാഗമാണ് എതിർപക്ഷത്ത്.
പിടിച്ചെടുത്ത ആയുധങ്ങൾ
ചൈനീസ് നിർമ്മിത ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ, ഇൻസാസ് റൈഫിൾ, അറുപത് റൗണ്ട് 5.56 എം.എം വെടിമരുന്ന്
12 ഡബിൾ ബാരൽ റൈഫിൾ, മൂന്ന് സിംഗിൾ ബാരൽ റൈഫിൾ, വിവിധ ഓട്ടോമെറ്റിക് ആയുധങ്ങൾ
തദ്ദേശീയമായി നിർമ്മിച്ച ഡബിൾ ബാരൾ റൈഫിൾ
അമിത്ഷാ മണിപ്പൂരിൽ
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാല് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിലെത്തി. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു. ഞായറാഴ്ചയുണ്ടായ അക്രമത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. മണിപ്പൂർ പൊലീസിന്റെ കമാൻഡോ വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 40 പേർ നേരത്തേ കൊല്ലപ്പെട്ടിരുന്നു.
വെല്ലുവിളി വേണ്ട: ജയശങ്കർ
മൂന്ന് വർഷമായി ചൈനയിൽ നിന്ന് സങ്കീർണമായ വെല്ലുവിളികളാണ് രാജ്യം നേരിടുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. എന്തും നേരിടാൻ ഇന്ത്യ സർവ സജ്ജമാണ്. സമാധാനം സ്ഥാപിക്കാൻ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ മാർഗമാണ് ഇന്ത്യ നിർദ്ദേശിക്കുന്നത്. എന്നാൽ ചൈനയുടെ ഭാഗത്തു നിന്ന് ഏകപക്ഷീയമായ നടപടികളാണ് ഉണ്ടാവുന്നതെന്നും അഹമ്മദാബാദിലെ അനന്ത സർവകലാശാലയിലെ പരിപാടിയിൽ ജയശങ്കർ പറഞ്ഞു.