പാറ്റയുടെ ' ഭീകരാക്രമണം', ഓടിരക്ഷപ്പെട്ട് ജനങ്ങൾ !

Tuesday 30 May 2023 7:00 AM IST

ടെൽ അവീവ് : വലിപ്പത്തിൽ മനുഷ്യർക്ക് മുന്നിൽ ഇത്തിക്കുഞ്ഞനാണെങ്കിലും പാറ്റയെ ഭയത്തോടെ കാണുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും. വീടുകളിൽ ശല്യക്കാരായ പാറ്റകളെ മരുന്നടിച്ച് തുരത്താറുണ്ട്. പലപ്പോഴും വലിയ പ്രശ്നങ്ങളുണ്ടാകാതെ നമുക്ക് പാറ്റയെ ഓടിക്കാൻ സാധിക്കും. പക്ഷേ, ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിലെ ഡിസെൻഗോഫ് സ്ട്രീറ്റിലെ ഒരു കഫേയിൽ ഒരു പാറ്റ സൃഷ്ടിച്ച പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. ശനിയാഴ്ചയാണ് സംഭവം. പതിവുപോലെ കഫേയിലെ കസ്റ്റമേഴ്സ് ശാന്തമായ സംഗീതം കേട്ട് ഭക്ഷണം ആസ്വദിക്കുകയായിരുന്നു. ഇതിനിടെ കഫേയിലുണ്ടായിരുന്ന ഒരു യുവതി ഒരു പാറ്റയെ കാണാനിടയായി. പാറ്റയെ കണ്ട നിമിഷം തന്നെ യുവതി തന്റെ മുന്നിലുണ്ടായിരുന്ന ടേബിൾ മറിച്ചിട്ട് ഉറക്കെ അലറിക്കരഞ്ഞു. കേൾക്കേണ്ട താമസം കഫേയിലും അതിന്റെ തൊട്ടടുത്ത റെസ്റ്റോറന്റിലുമുണ്ടായിരുന്ന എല്ലാവരും പുറത്തേക്ക് ഇറങ്ങി ഓടി. കസേരകളും ടേബിളുമെല്ലാം ഓട്ടത്തിനിടെ മറിഞ്ഞ് വീണു. പാത്രങ്ങളും ഗ്ലാസുകളും വീണുടഞ്ഞു. ഗ്ലാസ് ശരീരത്തിൽ തറച്ച് രണ്ട് പേർക്ക് പരിക്കുമേറ്റു. ഭീകരാക്രമണമുണ്ടായെന്ന് കരുതിയാണ് ഇവരെല്ലാം ഇറങ്ങിയോടിയത്. ഇതേ മേഖലയിൽ ഭീകരാക്രമണങ്ങൾ അടുത്തിടെ ഉണ്ടായിട്ടുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിച്ചിരുന്നു. ഏതായാലും പൊലീസ് ഉടൻ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരനെ കണ്ടല്ല, മറിച്ച് പാറ്റയെ കണ്ടാണ് യുവതി നിലവിളിച്ചതെന്ന് മനസിലായത്. സംഭവം ഇസ്രയേലിൽ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുന്നുണ്ട്. ' കാറ്റ്‌സറീഡഫോബിയ ' എന്നാണ് പാറ്റകളോടുള്ള ഭയം അറിയപ്പെടുന്നത്. ഇതും ചർച്ചാ വിഷയമായിരിക്കുകയാണ്.