ഭയപ്പെടുത്തും ചലഞ്ചർ!
ന്യൂയോർക്ക് : സമുദ്രങ്ങളുടെ ആഴത്തെ പറ്റി ആലോചിക്കുമ്പോൾ തലകറങ്ങിപ്പോകും. 12,000 അടിയാണ് സമുദ്രത്തിന്റെ ശരാശരി ആഴം. ഇത് തന്നെ സങ്കല്പിക്കുമ്പോൾ പേടി തോന്നും. എന്നാൽ ഇതിന്റെ ഇരട്ടിയിലേറെ ആഴമുള്ള ഇടം ഭൂമിയിലുണ്ട്. അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് മനുഷ്യ നിർമ്മിതമല്ലാത്ത ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ പസിഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ്പാണത്. മിക്കവർക്കും ചലഞ്ചർ ഡീപ്പെന്ന പേര് സുപരിചിതമാണ്.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചലഞ്ചർ ഡീപ്പിന് ഏകദേശം 36,000 അടി ആഴമുണ്ട്. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തേക്കാൾ കൂടുതലാണ് മരിയാന ട്രഞ്ചിന്റെ ആഴം. അസ്ഥി മരവിപ്പിക്കുന്ന തണുപ്പും പ്രകാശത്തിന്റെ ഒരുതരി പോലുമില്ലാത്ത കൂരാകൂരിരുട്ടും ഒപ്പം 100 ആനകൾ ഒന്നിച്ച് ചെലുത്തുന്ന പോലുള്ള ജല മർദ്ദവും നിറഞ്ഞ ഭാഗമാണ് ചലഞ്ചർ ഡീപ്പ്.
1960ൽ സ്വിസ് സമുദ്രപര്യവേക്ഷകനായ ജാക്വസ് പിക്കാർഡും യു.എസ് നേവി ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷുമാണ് ആദ്യമായി ചലഞ്ചർ ഡീപ്പിലെത്തിയ മനുഷ്യർ. ഇതുവരെ 27 പേരാണ് ചലഞ്ചർ ഡീപ്പിലെത്തിയിട്ടുള്ളത്. ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറണും ഇക്കൂട്ടത്തിലുണ്ട്. 2012ൽ ഡീപ്പ്സീ ചലഞ്ചർ എന്ന വാഹനത്തിലാണ് ടൈറ്റാനിക് ഉൾപ്പെടെയുള്ള വിഖ്യാത ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ ജെയിംസ് കാമറൺ ചലഞ്ചർ ഡീപ്പിലെത്തിയത്. ആദ്യമായി ചലഞ്ചർ ഡീപ്പിൽ ഒറ്റയ്ക്ക് എത്തിയതും ഇദ്ദേഹമാണ്.
1875ൽ ഈ ഭാഗത്തെ ആഴം ആദ്യമായി അളന്ന എച്ച്.എം.എസ് ചലഞ്ചർ എന്ന ബ്രിട്ടീഷ് റോയൽ നേവി കപ്പലിന്റെ പേരിൽ നിന്നാണ് ചലഞ്ചർ ഡീപ്പിന് ഈ പേര് ലഭിച്ചത്