എർദോഗന് അഭിനന്ദനവുമായി ലോകനേതാക്കൾ
ഇസ്താംബുൾ : തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റെസെപ് തയ്യിപ് എർദോഗന് ആശംസയറിയിച്ച് ലോകനേതാക്കൾ. എർദോഗന്റെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ലഭിച്ച അർഹതപ്പെട്ട ഫലമാണ് തിരഞ്ഞെടുപ്പ് ജയമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രതികരിച്ചു. അഭിപ്രായ ഭിന്നതകൾക്കിടെയിലും പുട്ടിനോട് പുലർത്തിയിരുന്ന മൃദുസമീപനത്തിന്റെ പേരിൽ തുർക്കിയ്ക്കകത്തും പുറത്തും എർദോഗനെതിരെ വിമർശനമുയർന്നിരുന്നു.
ഉഭയകക്ഷി പ്രശ്നങ്ങളിലും ആഗോള വെല്ലുവിളികളിലും നാറ്റോ സഖ്യകക്ഷിയെന്ന നിലയിൽ എർദോഗനുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബർഗ്, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, യു.എ.ഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ തുടങ്ങിയവരും എർദോഗനെ അഭിനന്ദിച്ചു.
ഞായറാഴ്ച നടന്ന അവസാന റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ 52.18 ശതമാനം വോട്ട് നേടിയാണ് എർദോഗൻ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭരണത്തുടർച്ച സ്വന്തമാക്കിയത്. എതിരാളിയായ കെമാൽ കിലിച്ച്‌ദറോലുവിന് 47.82 ശതമാനം വോട്ടാണ് ലഭിച്ചത്. 2003 മുതൽ പ്രധാനമന്ത്രിയായും 2014 മുതൽ പ്രസിഡന്റായും രാജ്യത്ത് അധികാരത്തിൽ തുടരുകയാണ് 69കാരനായ എർദോഗൻ.
ആശംസയറിയിച്ച് മോദി
പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റെസെപ് തയ്യിപ് എർദോഗന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും വളരുന്നത് തുടരുമെന്ന് തനിക്കുറപ്പുണ്ടെന്ന് ആശംസയ്ക്കൊപ്പം മോദി ട്വീറ്റ് ചെയ്തു.