കാനഡയിൽ ഇന്ത്യൻ വംശജനായ ഗുണ്ടാ തലവൻ കൊല്ലപ്പെട്ടു
ടൊറന്റോ : കാനഡയിലെ വാൻകൂവറിൽ വിവാഹ സൽക്കാരം നടന്ന ഹാളിന് പുറത്ത് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ഇന്ത്യൻ വംശജനായ ഗുണ്ടാ തലവൻ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ അമർപ്രീത് സാമ്രയാണ് ( 28 ) മരിച്ചത്.
കനേഡിയൽ പൊലീസിന്റെ അതീവ അക്രമാസക്തരായ ഗുണ്ടകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് അമർപ്രീത്. ഞായറാഴ്ച സഹോദരനും ഗുണ്ടാനേതാവുമായ രവീന്ദറിനൊപ്പം ഫ്രേസർ സ്ട്രീറ്റിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇയാൾ കൊല്ലപ്പെട്ടത്.
ചടങ്ങ് നടന്ന ഹാളിലേക്ക് എത്തിയ ഒരു സംഘം അജ്ഞാതർ ഡി.ജെ പരിപാടി നിറുത്താൻ ആവശ്യപ്പെട്ടതായും വൈകാതെ ഹാളിന് പുറത്ത് അമർപ്രീതിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുണ്ടാ സംഘങ്ങൾക്കിടെയിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.