പ്രണയം അവസാനിപ്പിക്കാൻ കളിത്തോക്ക് ചൂണ്ടി ഭീഷണി; സാക്ഷി മറ്റൊരാളുടെ പേര് പച്ചകുത്തിയതോടെ സാഹിലിന്റെ പക ഇരട്ടിച്ചു, പൊലീസിൽ പരാതി നൽകുമെന്നും പേടിപ്പിച്ചു

Tuesday 30 May 2023 10:08 AM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നാട്ടുകാർ നോക്കിനിൽക്കെ പതിനാറുകാരിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. രോഹിണി സ്വദേശിയായ സാക്ഷിയെയാണ് എ സി, റഫ്രിജറേറ്റർ മെക്കാനിക്കായ സാഹിൽ (20) കൊലപ്പെടുത്തിയത്.

വടക്കൻ ഡൽഹിയിൽ രോഹിണി ഷഹ്ബാദ് ഡയറി മേഖലയിൽ ഞായറാഴ്ച രാത്രി 8.45നായിരുന്നു അരുംകൊല നടന്നത്. ഇരുവരും തമ്മിൽ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടി ബന്ധം അവസാനിപ്പിക്കണമെന്ന് സാഹിലിനോട് ആവശ്യപ്പെട്ടു. ശല്യം ചെയ്താൽ പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി.

കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കളിത്തോക്ക് ചൂണ്ടി സാക്ഷി യുവാവിനെ പേടിപ്പിച്ചുവെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പതിനാറുകാരി കൈയിൽ മറ്റൊരു യുവാവിന്റെ പേര് പച്ചകുത്തിയതായും റിപ്പോർട്ടുകളുണ്ട്.

സുഹൃത്തിന്റെ വീട്ടിൽ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ നടന്നുപോകുന്നതിനിടെയാണ് പിന്തുടർന്നെത്തിയാണ് പ്രതി പതിനാറുകാരിയെ ആക്രമിച്ചത്. ആക്രോശിച്ചെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന വലിയ കത്തികൊണ്ട് ഇരുപതോളം തവണ കുത്തി. താഴെവീണ പെൺകുട്ടിയെ സമീപത്തുകിടന്ന സ്ലാബിന്റെ കഷ്ണമെടുത്ത് എറിഞ്ഞു. പിന്നാലെ അതുപയോഗിച്ച് തലയിൽ തുടരെത്തുടരെ ഇടിച്ചു. സമീപത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും പ്രതിയെ തടഞ്ഞില്ല.

കൃത്യം നടത്തിയ ഉടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു

മരണം ഉറപ്പാക്കിയ ശേഷം സാഹിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു. ഉടൻ തന്നെ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് ബസിൽ കയറി ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്തുടർന്നെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഐപിസി 302 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയ്ക്ക് കുറ്റബോധമൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിൽ പെൺകുട്ടിയുടെ തലയോട്ടി പൊട്ടിപ്പോയിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വധശിക്ഷ നൽകണമെന്ന് കുടുംബം

പ്രതിയ്‌ക്ക് വധശിക്ഷ നൽകണമെന്നും മകൾ സാഹിലിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. പ്രതിയെ തൂക്കിക്കൊല്ലണമെന്ന് കൗമാരക്കാരിയുടെ പിതാവ് ആവശ്യപ്പെട്ടു. 'എന്റെ മകളെ പലതവണ അയാൾ കുത്തിയിട്ടുണ്ട്, അവളുടെ തല വെട്ടിനുറുക്കി. പ്രതികക്ക് കനത്ത ശിക്ഷ നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,' -അദ്ദേഹം പറഞ്ഞു.

പൊലീസിനോട് റിപ്പോർട്ട് തേടി

സംഭവത്തിൽ ദേശീയ ശിശു സംരക്ഷണ അവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി. ഡൽഹിയിൽ ക്രിമിനലുകൾക്ക് പൊലീസിനെ ഭയമില്ലാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കുറ്റപ്പെടുത്തി. ക്രമസമാധാനം ലഫ്‌റ്റനന്റ് ഗവർണറുടെ ചുമതലയാണ്. എന്തെങ്കിലും നടപടിയെടുക്കൂയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ ക്രമസമാധാന പ്രശ്‌നമായി മാത്രമാണ് ആം ആദ്മി പാർട്ടി കാണുന്നതെന്ന് ബി.ജെ.പി വിമർശിച്ചു.

Advertisement
Advertisement