ഇസ്‌ലാം മത വിശ്വാസിയാണെങ്കിലും കഴുത്തിൽ രുദ്രാക്ഷമാല, കൈയിൽ ചുവന്ന ചരട്; കാമുകിയെ ക്രൂരമായി കൊന്ന സാഹിൽ ഖാന്റെ രീതികൾ ആരെയും ഞെട്ടിക്കുന്നത്

Tuesday 30 May 2023 5:17 PM IST

ന്യൂഡൽഹി: നാട്ടുകാർ നോക്കിനിൽക്കെ കാമുകിയെ 34 തവണ കുത്തിയും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ഇരുപതുകാരനുണ്ടായിരുന്നത് ദുരൂഹമായ ജീവിതരീതികൾ. മതപരമായി തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതികളും സാക്ഷി കൊലക്കേസിലെ പ്രതിയായ സാഹിൽ സർഫറാസ് ഖാൻ പിന്തുടർന്നിരുന്നുവെന്നാണ് റിപ്പോർട്ട്.

സാഹിലിന്റെ വിചിത്ര രീതികൾ

ആളുകളുമായി ഇടപഴകാത്ത സ്വഭാവക്കാരനായിരുന്നു സാഹിൽ എന്ന് അയൽക്കാർ പറയുന്നു. അധികമാരോടും സംസാരിക്കാറില്ലായിരുന്നു. രണ്ടുവർഷം മുൻപാണ് സാഹിലിന്റെ കുടുംബം ഡൽഹിയിലെ രോഹിണി ഷഹ്ബാദ് ഡയറിയിലേയ്ക്ക് താമസം മാറിയത്. മതത്തെ അധിക്ഷേപിക്കുന്ന തരത്തിൽ ആരെങ്കിലും സംസാരിച്ചാൽ സാഹിൽ പ്രകോപിതനാകാറുണ്ടെന്നും അയൽക്കാർ പറയുന്നു. 'സണ്ണി' എന്ന പേരാണ് മിക്കവരോടും സാഹിൽ പറഞ്ഞിട്ടുള്ളത്.

കഴുത്തിൽ രുദ്രാക്ഷമാലയും കയ്യിൽ ഹിന്ദുക്കൾ വിശ്വാസത്തിന്റെ ഭാഗമായി കെട്ടുന്ന ചരടും കെട്ടിയിട്ടുണ്ടായിരുന്നു. ഇയാൾ ഹുക്ക വലിക്കുന്നതായുള്ള വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സാഹിലിന് മറ്റു പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇയാളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തെളിയിക്കുന്നു. പൊലീസ് ഇയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. പെൺകുട്ടികളെ 'ജാൻ', 'ഡാർലിംഗ്' എന്നിങ്ങനെയായിരുന്നു ഇയാൾ അഭിസംബോധന ചെയ്തിരുന്നത്.

കൊല്ലപ്പെട്ട സാക്ഷിയും സാഹിലും മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടി ബന്ധം അവസാനിപ്പിക്കണമെന്ന് സാഹിലിനോട് ആവശ്യപ്പെട്ടു. ശല്യം ചെയ്താൽ പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി. ഇതാണ് കൊലയ്ക്ക് കാരണം.

എ സി, റഫ്രിജറേറ്റർ മെക്കാനിക്കാണ് സാഹിൽ. വടക്കൻ ഡൽഹിയിൽ രോഹിണി ഷഹ്ബാദ് ഡയറി മേഖലയിൽ ഞായറാഴ്ച രാത്രി 8.45നായിരുന്നു അരുംകൊല നടന്നത്. സുഹൃത്തിന്റെ വീട്ടിൽ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ നടന്നുപോകുന്നതിനിടെ പിന്തുടർന്നെത്തിയ പ്രതി പതിനാറുകാരിയെ ആക്രമിക്കുകയായിരുന്നു. ആക്രോശിച്ചെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന വലിയ കത്തികൊണ്ട് ഇരുപതോളം തവണ കുത്തി. താഴെവീണ പെൺകുട്ടിയെ സമീപത്തുകിടന്ന സ്ലാബിന്റെ കഷ്ണമെടുത്ത് എറിഞ്ഞു. പിന്നാലെ അതുപയോഗിച്ച് തലയിൽ തുടരെത്തുടരെ ഇടിച്ചു. സമീപത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും പ്രതിയെ തടഞ്ഞില്ല.പൊലീസെത്തിയാണ് സാക്ഷിയെ ആശുപത്രിയിലെത്തിച്ചത്.

Advertisement
Advertisement