പുണ്യഗംഗ സമരവേദിയായി:ഹരിദ്വാറിൽ മെ‌ഡൽ കണ്ണീർ

Wednesday 31 May 2023 12:47 AM IST

ന്യൂ ഡൽഹി: അധികാരത്തിന്റെ കണ്ണു തുറക്കാനായി സമരം ചെയ്ത ഗുസ്‌തി താരങ്ങൾ ഏഷ്യൻ ഗെയിംസ് മെഡലുകൾ ഉൾപ്പെടെ ഗംഗാനദിയിൽ ഒഴുക്കാനെത്തിയത് രാജ്യത്താകെ കണ്ണീർക്കാഴ്ചയായി. കേന്ദ്ര സർക്കാരിന്റെ നീതി നിഷേധത്തിൽ മനംനൊന്താണ് ഒളിമ്പിക്, ഏഷ്യൻ ഗെയിംസ് മെ‌‌‌ഡലുകളുൾപ്പെടെ പുണ്യനദിയായ ഗംഗയിലൊഴുക്കാൻ ഗുസ്തിതാരങ്ങൾ ഒരുങ്ങിയത്. കർഷക നേതാക്കൾ ഇടപെട്ട് രാത്രി 7 മണിയോടെ അവരെ പിന്തിരിപ്പിച്ചു. കായിക ചരിത്രത്തിൽ കറുത്ത ഏടാകുമായിരുന്ന ദിനം ഇതോടെ തത്കാലം ഒഴിവായി.

അഞ്ചു ദിവസം കാത്തിരിക്കാനാണ് താരങ്ങളുടെ തീരുമാനം.​ ലൈംഗിക പീഡന പരാതികളിൽ ഗുസ്‌തി ഫെഡറേഷൻ മേധാവി ബ്രിജ്ഭൂഷൺ സിംഗിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഹരിദ്വാറിൽ വീണ്ടുമെത്തും. ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നും താരങ്ങൾ പറഞ്ഞു. ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്,​ സാക്ഷി മാലിക്, സംഗീത ഫോഗട്ട് തുടങ്ങിയവരാണ് രാജ്യത്തിനു വേണ്ടി നേടിയ അഭിമാന മെഡലുകൾ ഒഴുക്കാനെത്തിയത്. മെഡലുകൾ ഒഴുക്കുമെന്ന് ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് താരങ്ങൾ പ്രഖ്യാപിച്ചെങ്കിലും കേന്ദ്രസർക്കാർ കേട്ടഭാവം കാണിച്ചില്ല. എന്നാൽ,​ രാജ്യം ഏറെ പിരിമുറുക്കത്തോടെയാണ് ഹരിദ്വാറിലെ സംഭവവികാസങ്ങൾ വീക്ഷിച്ചത്. വൈകിട്ട് ആറിന് ഹരിദ്വാറിലെത്തിയ താരങ്ങൾ ഹൃദയം തകർന്ന് അവിടെ ഇരുന്നു. വർഷങ്ങൾ കഠിനപ്രയത്നം നടത്തി സ്വന്തമാക്കിയ മെഡലുകൾ കൈവിടുന്നതിന്റെ വേദന. നൂറുകണക്കിനാളുകൾ ഗംഗാതീരത്ത് തടിച്ചുകൂടി. തളർന്നിരുന്ന താരങ്ങൾക്ക് ചിലർ വീശിക്കൊടുത്തു.

ഇതിനിടെയാണ് കർഷക, ജാട്ട് നേതാക്കളുടെ ഇടപെടലുണ്ടായത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ താരങ്ങളെ ചേർത്തുപിടിച്ചു. മെഡൽ ഒഴുക്കരുതെന്ന് അഭ്യർത്ഥിച്ചു. വെള്ളത്തുണിയിൽ കെട്ടിവച്ചിരുന്ന മെഡലുകൾ കർഷകനേതാക്കൾ ഏറ്രെടുത്തു. പ്രശ്‌നപരിഹാരത്തിന് അഞ്ചു ദിവസം തരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ താരങ്ങൾ പിന്മാറുകയായിരുന്നു. പിന്തുണയുമായി ഉത്തർപ്രദേശിൽ അടക്കം കർഷകരുടെ ഖാപ് പഞ്ചായത്ത് ഇന്ന് നടത്തും.

ബി.ജെ.പി എം.പി കൂടിയായ ബ്രിജ്ഭൂഷണെതിരെ നടപടിയാവശ്യപ്പെട്ട് ഏപ്രിൽ 23നാണ് താരങ്ങൾ ജന്തർ മന്ദറിൽ സമരം ആരംഭിച്ചത്. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന വേളയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിച്ചിഴച്ചും തൊഴിച്ചുമാണ് വവണ്ടിയിൽ കയറ്റിയത്.

 സ്വർണമെഡൽ നദിയിൽ

വംശീയവെറിയിൽ വ്രണിത ഹൃദയനായി ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി തന്റെ ഒളിമ്പിക് മെഡൽ 1960ൽ ഓഹിയോ നദിയിലെറിഞ്ഞു. റോം ഒളിമ്പിക്സിൽ കിട്ടിയ സ്വർണ മെഡലാണിത്. നീഗ്രോ വംശജനായതിനാൽ യു.എസിലെ ഒരു ഹോട്ടലിൽ ഭക്ഷണം നിഷേധിച്ചു. ഇതിൽ പ്രതിഷേധിക്കുകയായിരുന്നു അലി.

ആത്മാഭിമാനംചവിട്ടിയരയ്ക്കപ്പെട്ടതിനാലാണ് വേദനയോടെ കടുത്ത തീരുമാനത്തിലെത്തിയത്. ഈ മെഡലുകൾ ഞങ്ങൾക്ക് ഏറെ പവിത്രമാണ്.

- ബജ്റംഗ് പൂനിയ

ഗു​സ്തി​ ​താ​ര​ങ്ങ​ളും​ ​പ്ര​ധാ​ന​ ​മെ​ഡ​ലു​ക​ളും

ബ​ജ്റം​ഗ് ​പു​നിയ
 2020​ ​ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സ് ​വെ​ങ്ക​ലം
 2018​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​സ്വ​ർ​ണം
 2018​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​വെ​ള്ളി
 2018,2022​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​സ്വ​ർ​ണം


സാ​ക്ഷി​ ​മാ​ലി​ക്
 2016​ ​റി​യോ​ ​ഒ​ളി​മ്പി​ക്സ് ​വെ​ങ്ക​ലം
 2022​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​സ്വ​ർ​ണം
 2017​ ​ഏ​ഷ്യ​ൻ​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​വെ​ള്ളി

വി​നേ​ഷ് ​ഫോ​ഗ​ട്ട്
 2014,2018,2022​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​സ്വ​ർ​ണം
 2018​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​സ്വ​ർ​ണം
 2014​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​വെ​ങ്ക​ലം
 2022,2019​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​വെ​ങ്ക​ലം