ഡൽഹിയിലെ ക്രൂര കൊലപാതകം മൃതദേഹത്തിൽ 34 ഗുരുതര പരിക്കുകൾ; കുറ്റ‌‌ബോധമില്ലെന്ന് സുഹൃത്ത്

Wednesday 31 May 2023 12:30 AM IST

ന്യൂഡൽഹി: തെരുവിൽ 16കാരിയെ തുരുതുരാ കുത്തിയും സ്ലാബിന്റെ കഷ്ണംകൊണ്ട് തലതകർത്തും അതിക്രൂരമായി കൊലപ്പെടുത്തിയതിൽ തെല്ലും കുറ്റബോധമില്ലാതെ ആൺസുഹൃത്ത് സാഹിൽ. 34 ഗുരുതര പരിക്കുകളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. സ്ലാബ് കൊണ്ടുള്ള തുടർച്ചയായ അടിയിൽ തലയോട്ടി തകർന്നതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഡൽഹി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച സാഹിൽ, സി.സിടിവി ദൃശ്യങ്ങളിലുള്ളത് താൻ തന്നെയെന്നും മൊഴി നൽകി.

പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്നോട്ടു പോയതും അവഗണിച്ചതുമാണ് കൊലപാതക കാരണമെന്ന് സാഹിൽ പറഞ്ഞു. എന്നാൽ,​ ഇയാൾ ഇടയ്‌ക്കിടെ മൊഴി മാറ്റുന്നത് അന്വേഷണസംഘത്തെ കുഴയ്‌ക്കുന്നുണ്ട്. പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് സാഹിലിനെ ഡൽഹിയിലെ രോഹിണി കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി 15 ദിവസം മുൻപാണ് കത്തി വാങ്ങിയത്. ഈ കത്തി അടക്കം തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. ഡൽഹിയിലെ രോഹിണി ഷാഹ്ബാദ് ഡയറി മേഖലയിൽ ഞായറാഴ്‌ച രാത്രി 8.45നായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൊലപാതകം.

സുപ്രധാന മൊഴികൾ ശേഖരിക്കും

കേസിൽ ആറു പേരെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ ചുരുളഴിയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

 സാഹിൽ - പെൺകുട്ടിയുടെ ആൺസുഹൃത്തും കൊലപാതകിയും

 പ്രവീൺ - പെൺകുട്ടിയുടെ മുൻ സുഹൃത്ത്. 16കാരിയുടെ കൈയിൽ പ്രവീണിന്റെ പേര് പച്ചക്കുത്തിയിരുന്നു. ഇയാളിപ്പോൾ ഉത്തർപ്രദേശിലെ ജോൻപൂരിലാണ്

 നീതു - പെൺകുട്ടിയുടെ സുഹൃത്ത്. സംഭവദിവസം ഷാഹ്ബാദ് മേഖലയിലെ നീതുവിന്റെ വീട്ടിലാണ് പെൺകുട്ടി കഴിഞ്ഞത്. നീതുവിന്റെ ഭർത്താവ് ഒരു ക്രിമിനൽ കേസിൽ തീഹാർ ജയിലിലാണ്. പെൺകുട്ടിയും സാഹിലുമായുള്ള ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരം ലഭ്യമാകാൻ നീതുവിനെ വിശദമായി ചോദ്യം ചെയ്‌തേക്കും

 ആരതി - പെൺകുട്ടിയുടെ മറ്റൊരു സുഹൃത്ത് - കൊലപാതകത്തിന് തൊട്ടുമുമ്പ് 16കാരിയും ആരതിയുമായി കണ്ടിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സാഹിൽ ശല്യപ്പെടുത്തുന്നെന്ന് ആരതിയോട് സൂചിപ്പിച്ചിരുന്നെന്നാണ് വിവരം

 ആകാശ് - സാഹിലിന്റെ സുഹൃത്ത്. കൊലപാതകത്തിന് മുമ്പ് സംഭവസ്ഥലത്ത് ഇരുവരും സംസാരിച്ചു നിൽക്കുന്ന സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആകാശിന് കൊലപാതകത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നോ, പങ്കുണ്ടോ എന്ന കാര്യങ്ങൾ അന്വേഷിക്കും

 ജാബ്രു - പെൺകുട്ടിയുടെ സുഹൃത്ത്. പെൺകുട്ടിക്ക് പിന്നാലെ നടക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ജാബ്രു ഭീഷണിപ്പെടുത്തിയെന്ന് സാഹിൽ പൊലീസിന് മൊഴി നൽകി.

ഇവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു വരുന്നു. പെൺകുട്ടിയെ ആക്ഷേപിച്ചുകൊണ്ട് പോസ്റ്റിടാൻ സാഹിൽ തന്റെ പെൺസുഹൃത്തുക്കളോട് പറഞ്ഞിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

കുടുംബത്തിന് ധനസഹായം

സാക്ഷിയുടെ കുടുംബത്തിന് ഡൽഹി സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാൻ മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. സംഭവത്തിൽ ലെഫ്റ്റനന്റ് ഗവർണറെ വിമർശിച്ച കേജ്‌രിവാൾ രാജ്യ തലസ്ഥാനത്തെ ക്രമസമാധാന സംവിധാനത്തിൽ ഡൽഹിയിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞു.

അതേസമയം,​ പെൺകുട്ടിയുടെ കുടുംബത്തെ ഡൽഹി വനിത കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ സന്ദർശിച്ചു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കി പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി ഹൻസ് രാജ് ഹൻസ് ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി.

Advertisement
Advertisement