ഇറച്ചിക്കട തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചയാൾ പിടിയിൽ

Wednesday 31 May 2023 9:08 AM IST

എറണാകുളം: കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി രാധാകൃഷ്‌ണൻ (48) ആണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിച്ചിരുന്ന പ്രതി അർജുനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളം കൂത്താട്ടുകുളത്തെ കരിമ്പനയിലുള്ള ഇറച്ചിക്കടയിലെ തൊഴിലാളികളാണ് രാധാകൃഷ്‌ണനും അർജുനും. വാക്കുതർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ കട തുറക്കാത്തതിനെത്തുടർന്ന് ഉടമസ്ഥൻ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് രാധാകൃഷ്‌ണനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. തലയ്ക്ക് അടിയേറ്റതിന്റെ മുറിവുകളും ഉണ്ടായിരുന്നു.

ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ രാധാകൃഷ്‌ണനൊപ്പം താമസിച്ചിരുന്ന തെങ്കാശി സ്വദേശിയായ അർജുനെ കാണാനില്ലെന്ന് മനസിലാവുകയും ചെയ്തു. തുടർന്ന് തമിഴ്‌നാട് പൊലീസിനെ വിവരമറിയിക്കുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അ‌ർജുനെ പിടികൂടുകയുമായിരുന്നു.