2000 രൂപ ബിൽ വന്നുകൊണ്ടിരുന്നിടത്ത് പുതിയ മീറ്റർ റീഡിംഗുകാരൻ വന്നപ്പോൾ 35000 ആയി ഉയർന്നു, ചതിയറിഞ്ഞ് ഞെട്ടിയത് കെഎസ്ഇബി

Wednesday 31 May 2023 10:59 AM IST

തൊടുപുഴ: 140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വ‌ർഷത്തോളം വളരെക്കുറച്ചു കാണിച്ച് മീറ്റർ റീഡിംഗ് കരാർ ജീവനക്കാരന്റെ തരികിട. ഇതിലൂടെ കെ.എസ്.ഇ.ബിക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. കുറ്രം സമ്മതിച്ച കരിമണ്ണൂർ സ്വദേശിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തൊടുപുഴ സെക്ഷൻ-1 ഓഫീസിന് കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്രിന്റെയും സസ്പെൻഡും ചെയ്തു. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.

തൊടുപുഴ സെക്ഷനിലെ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരൻ റീഡിംഗ് എടുത്തപ്പോൾ പ്രകടമായ മാറ്റം കണ്ടെത്തി. ശരാശരി 2,​000 രൂപ വന്നിരുന്ന വീട്ടിൽ 35,​000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു.

കുമാരമംഗലം,​ മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവർ. പരാതി ഉയർന്നതോടെ ഇതിന് മുമ്പ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബിൽ തുക കുറച്ചു നൽകി ഇയാൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നുൾപ്പെടെ വിജിലൻസ് അന്വേഷണത്തിലേ വ്യക്തമാകൂ. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടോയെന്നും അന്വേഷിക്കും. മീറ്ററുകൾ കെ.എസ്.ഇ.ബിയുടെ പ്രത്യേക സ്ക്വാഡ് പരിശോധിക്കുകയാണ്. പിരിച്ചുവിട്ട ജീവനക്കാരന്റെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധിക്കും.

Advertisement
Advertisement