'എല്ലാം  അറിയാമെന്നാണ്  ഭാവം,  ദെെവത്തെ  വരെ  പഠിപ്പിക്കും; മോദി‌ക്കെതിരെ ശക്തമായ വിമർശനവുമായി രാഹുൽ  ഗാന്ധി

Wednesday 31 May 2023 4:45 PM IST

വാഷിംഗ്ടൺ: ചിലർ അറിവുള്ളവരായി നടിക്കുന്നുണ്ടെന്നും മോദി അതിലൊരാളാണെന്നും പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'എല്ലാം അറിയാമെന്നാണ് ഭാവം. ദെെവത്തെ വരെ പഠിപ്പിക്കും. ശാസ്‌ത്രജ്ഞരേയും സെെനികരേയും ഉപദേശിക്കും. ബി ജെ പിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂ' -രാഹുൽ പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോഴാണ് രാഹുലിന്റെ ഈ വിമർശനം.

ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥൻമാരും മറ്റ് മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചത്. ഭാരത് ജോഡോ യാത്ര തനിയ്ക്ക് വലിയ അനുഭവമായിരുന്നു. ഇന്ത്യ ഒരു ആശയത്തെയും തിരസ്കരിച്ചിട്ടില്ലെന്നും എൻ ആർ ഐക്കാർ ഇന്ത്യയുടെ അംബാസിഡർമാരാണെന്നും അദ്ദേഹം പറഞ്ഞു. വനിത സംവരണ ബിൽ കോൺഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബിൽ പാസാക്കുമെന്നും രാഹുൽ വ്യക്തമാക്കി.

ഭരണഘടനയിൽ ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ഈ ആശയത്തെയാണ് ആർ എസ് എസും ബി ജെ പിയും ആക്രമിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ പരസ്‌പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ മോദി വിമർശനത്തിനെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയിരുന്നു. വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.