മലയാളികളെ തായ്‌ലൻഡിൽ ചതിയിൽപ്പെടുത്തിയ സംഭവം; ഏറ്റുമാനൂരിലെ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ

Wednesday 31 May 2023 6:23 PM IST

കൊച്ചി: കൊച്ചിയിൽ നിന്നുള്ള 16 അംഗ വിനോദയാത്രാ സംഘത്തെ തായ്‌ലൻഡിൽ ചതിയിൽപ്പെടുത്തി ഒളിവിൽ പോയ ഏറ്റുമാനൂർ നീണ്ടൂർ റോഡിലെ ട്രാവൽ കെയർ ഏജൻസി ഉടമ അഖിലിനെ കുമരകം എസ് എച്ച് ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി പൊലീസ് ഏറ്റുമാനൂരിൽ തെളിവെടുപ്പ് നടത്തി. യാത്രാ സംഘത്തിലെ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യരുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും മറ്റുമുള്ള വിവരങ്ങൾ അറിയാൻ ചോദ്യം ചെയ്തുവരികയാണ്.

പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇയാൾ സ്ഥാപനം പൂട്ടി രണ്ടാംഭാര്യയോടൊപ്പം ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ഇയാളെ അന്വേഷിച്ച് ധാരാളം ഇടപാടുകാർ ഏറ്റുമാനൂരിൽ എത്തിയിരുന്നു. ഏറ്റുമാനൂർ പൊലീസിനായിരുന്നു ആദ്യം അന്വേഷണ ചുമതലയെങ്കിലും പിന്നീട് കുമരകം പൊലീസിനു കൈമാറുകയായിരുന്നു.


ചതി, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ്. പാലക്കാട് കുഴൽമന്ദം സ്വദേശിയായ പ്രതി ഒരുവർഷമായി കുറവിലങ്ങാടിനടുത്താണ് താമസം. ഇയാളുടെ ഭാര്യാ സഹോദരന്റെ ഫോണിൽ നിന്നു കണ്ടെത്തിയ നമ്പരുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.


തായ്‌ലൻഡിൽ ബിസിനസും മറ്റ് ഇടപാടുകളും ഉണ്ടായിരുന്നെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരെ വലയിലാക്കിയിരുന്നതെങ്കിലും എല്ലാം നുണയാണെന്ന് തെളിഞ്ഞു. തായ്‌ലൻഡിൽ ഇയാൾക്ക് ബിസിനസോ ജോലിയോ ഉണ്ടായിരുന്നില്ലെന്നാണ് അവിടെയുള്ള മലയാളികളിൽ നിന്നുള്ള വിവരം.


മേയ് 20ന് തായ്‌ലൻഡിലേക്കു പുറപ്പെട്ട അദ്ധ്യാപകർ, ഡോക്ടർ, ടെക്‌നോപാർക്ക് ജീവനക്കാരൻ, മാദ്ധ്യമപ്രവർത്തകർ എന്നിവരുൾപ്പെട്ട സംഘം മന്ത്രി വി എൻ വാസവന്റെ ഇടപെടലിനെ തുടർന്നാണ് സുരക്ഷിതമായി നാട്ടിലെത്തിയത്. ട്രാവൽകെയറുമായുള്ള കരാർ പ്രകാരം പട്ടായയിലെ ടുറാസ്റ്റിക്കിനായിരുന്നു യാത്രസംഘത്തിന്റെ ചുമതലയെങ്കിലും അവർ കൈയൊഴിയുകയായിരുന്നു. കേരളത്തിലെ ഏജന്റായ അഖിൽ ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും പാസ്‌പോർട്ട് പിടിച്ചുവയ്ക്കുമെന്നും അവർ അറിയിച്ചതോടെ പ്രതിസന്ധിയിലായ സംഘത്തിലെ പ്രഭുവാര്യർ നാട്ടിൽ വിളിച്ച് മന്ത്രി വാസവനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സഹായത്തിന് തന്റെ സുഹൃത്ത് കോട്ടയം സ്വദേശിയും തായ്‌ലൻഡിൽ ബിസിനസുകാരനുമായ അജയൻ വർഗീസിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും സംഘം സുരക്ഷിതമായി പാക്കേജ് പൂർത്തിയാക്കി മടങ്ങുകയും ചെയ്തു.