വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു; കസ്‌റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർക്കും കുടുംബത്തിനും ജയിൽശിക്ഷയും പിഴയും വിധിച്ച് സിബിഐ കോടതി
കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കസ്‌റ്റംസ് മുൻ ഡപ്യൂട്ടി കമ്മീഷണർക്കും കുടുംബത്തിനും തടവും പിഴയും വിധിച്ച് സിബിഐ പ്രത്യേക കോടതി. കോഴിക്കോട് കസ്‌റ്റംസിൽ ഡപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഇരിങ്ങാലക്കുട സ്വദേശി പി.ആർ വിജയൻ(73) ഇദ്ദേഹത്തിന്റെ ഭാര്യ, മൂന്ന് മക്കൾ എന്നിവർക്കാണ് രണ്ട് വർഷം കഠിനതടവും 2.50 കോടി രൂപ പിഴവും വിധിച്ചത്. സിബിഐ അന്വേഷണത്തിൽ 78.90 ലക്ഷം രൂപയുടെ അധികസ്വത്താണ് പി.ആർ വിജയനും കുടുംബത്തിനുമുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണത്തിൽ കണ്ടെത്തിയ സ്വത്ത് ഭാര്യയുടെയും മൂന്ന് പെൺമക്കളുടെയും പേരിലായിരുന്നു. ഇതിനാലാണ് ഇവർക്കും ശിക്ഷ ലഭിച്ചത്. ഗൂഢാലോചന കുറ്റംചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. കൊച്ചി സിബിഐ കോടതിയിലെ സ്‌പെഷ്യൽ ജഡ്‌ജി കെ.കെ ബാലകൃഷ‌്‌ണനാണ് ശിക്ഷ വിധിച്ചത്. വിജയന്റെ മരുമകൻ ഭാര്യയ്‌ക്കും ബന്ധുക്കൾക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇതിലെ തുടർനടപടി കേസിന്റെ വിധിയെ ബാധിക്കില്ലെന്ന് കോടതി അറിയിച്ചു.