ഗു‌സ്‌തിതാരങ്ങളോട് എന്താണ് പറയാനുള്ളത്; മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാതെ 'ഓടി രക്ഷപ്പെട്ട്' കേന്ദ്രമന്ത്രി, വീഡിയോ

Wednesday 31 May 2023 8:14 PM IST

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഇന്നലെ മെഡൽ ഗംഗയിൽ ഒഴുക്കാൻ പോയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രമന്ത്രി ഓടിപ്പോവുന്ന വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഗുസ്‌തി താരങ്ങളുടെ സമരത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചത്. എന്നാൽ മന്ത്രി ഇതിന് പ്രതികരിച്ചില്ല. തുടർന്ന് മാദ്ധ്യമ പ്രവർത്തകർ പിന്നാലെ പോയി മെഡൽ ഗംഗയിൽ ഒഴുക്കുന്നതിനെ കുറിച്ച് പ്രതികരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മീനാക്ഷി ലേഖി ഓടുന്നു. വിടാതെ പിൻതുടർന്ന മാദ്ധ്യമ പ്രവർത്തകരോട് അവസാനം നിയമനടപടികൾ പുരോഗമിക്കുകയാണ് എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്.

പിന്നീട് മീനാക്ഷി ലേഖി സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഓടി കാറിൽ കയറുന്നതാണ് വീഡിയോയിൽ ഉള്ളത്. ഗുസ്‌തിതാരങ്ങൾ ചൊവ്വാഴ്ച മെഡലുകൾ ഒഴുക്കാൻ പോകുന്നതിന് മുൻപാണ് മന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ ഈ ചോദ്യങ്ങൾ ചോദിച്ചത്. കോൺഗ്രസിന്റെ ട്വിറ്റർ പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്.

ലെെംഗിക പീഡന പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ഡൽഹിയിൽ ഗുസ്‌തിതാരങ്ങൾ സമരം നടത്തുകയാണ്. തുടർന്ന് ഇന്നലെ നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ച് രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ ഗുസ്‌തി താരങ്ങളെത്തിയത് രാജ്യമൊട്ടാകെ ച‌ർച്ചയാവുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. കർഷക നേതാക്കൾ ഇടപെട്ടാണ് താരങ്ങളെ പിന്തിരിപ്പിച്ചത്. തങ്ങൾ ഒപ്പമുണ്ടെന്ന് കർഷക, ജാട്ട് നേതാക്കൾ ഗുസ്‌തി താരങ്ങളെ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ ഇന്നലെ പിൻവാങ്ങുകയായിരുന്നു.

Advertisement
Advertisement