കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തെ പാപ്പരാക്കുമെന്ന് മോദി

Thursday 01 June 2023 1:52 AM IST

ജയ്‌പൂ‌ർ: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയെന്നതാണ് കോൺഗ്രസിന്റെ പുതിയ ഫോർമുലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് രാജ്യത്തെ പാപ്പരാക്കുമെന്നും മോദി വിമ‌‌ർശിച്ചു. മോദി സർക്കാരിന്റെ ഒൻപതാം വാ‌ർഷികത്തോട് അനുബന്ധിച്ച് രാജസ്ഥാനിൽ സംഘടിപ്പിച്ച ജനസമ്പർക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്നാണ് ജനം ആശ്ചര്യപ്പെടുന്നത്. പണം എവിടെ നിന്ന് കണ്ടെത്തുമെന്നും അവ‌ർ പറയുന്നില്ല. ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് കോൺഗ്രസ് 50 വർഷം മുമ്പ് ഉറപ്പു ന‍ൽകിയതാണ്. പാവപ്പെട്ട ജനങ്ങളോട് കാണിച്ച വഞ്ചന മാത്രമായിരുന്നു ആ വാഗ്ദാനമെന്നും മോദി പറഞ്ഞു.

രാജസ്ഥാനിലെ കോൺഗ്രസ് തർക്കത്തെയും മോദി പരിഹസിച്ചു. പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുകയും അവരെ ദരിദ്രരായി നിലനിർത്തുകയും ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ രീതി. രാജസ്ഥാനിലെ ജനങ്ങൾ അതിന്റെ ഫലം അനുഭവിച്ചതാണ്. രാജസ്ഥാനിലെ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും തമ്മിലടിക്കുകയാണ്. ഇതുമൂലം രാജസ്ഥാനിലെ ജനങ്ങളും ദുരിതമനുഭവിച്ചു. സർക്കാർ പദ്ധതികൾ പലതും മുടങ്ങി.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് പുരോഗതി കൈവരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014ന് മുമ്പ് എന്തായിരുന്നു സ്ഥിതി. അഴിമതിക്കെതിരെ ജനം തെരുവിൽ പോരാടുകയായിരുന്നു. തീവ്രവാദ ആക്രമണവും ഏറ്റുമുട്ടൽ കൊലയും പതിവായിരുന്നു. രാജ്യത്തിന്റെ രക്തം ഊറ്റിക്കുടിക്കുകയും വികസനം തടയുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംവിധാനം കോൺഗ്രസ് വള‌ർത്തിയെടുത്തു. കോൺഗ്രസിന്റെ അധികാരകാലത്ത് 100 പൈസയിൽ 15 പൈസമാത്രമേ ജനങ്ങളിൽ എത്തുന്നുള്ളൂവെന്നും മോദി പരിഹസിച്ചു. ഇതിന് മാറ്റം വന്നത് ബി.ജെ.പി സർക്കാ‌ർ അധികാരത്തിൽ വന്നതോടെയായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

അഞ്ച് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ പ്രധാനമന്ത്രി മോദിയുടെ ഈ വർഷത്തെ നാലാമത്തെ സന്ദർശനമാണ് ഇന്നലെ നടന്നത്. സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയും രാജസ്ഥാനിൽ പ്രവർത്തനങ്ങൾ സജീവമാക്കിയത്. തിരഞ്ഞെടുപ്പ് നടക്കാരിക്കുന്ന സംസ്ഥാനത്ത് ഇരുപാർട്ടികൾക്കും ഇപ്പോൾ തലവേദനയാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊലി സച്ചിൻ പൈലറ്റും അശോക് ഗലോട്ടും തമ്മിലുണ്ടായ തർക്കം പരിഹരിച്ചുവെന്ന് ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം ഹൈക്കമാൻഡ് അവകാശപ്പെട്ടിരുന്നു. ബി.ജെ.പി. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന വസുന്ധരരാജേയും ഗജേന്ദ്രസിംഗ് ശെഖാവത്തും തമ്മിലും ശീതസമരം തുടരുകയാണ്.