ഉരുണ്ടുകളിച്ച് ഡൽഹി പൊലീസ് : ബ്രിജ്ഭൂഷണിനെ രക്ഷിക്കാൻ ശ്രമം?

Thursday 01 June 2023 12:02 AM IST

ന്യൂഡൽഹി : ലൈംഗികാതിക്രമ പരാതികളിൽ ഗുസ്‌തി ഫെഡറേഷൻ മേധാവി ബ്രിജ്ഭൂഷണിനെ രക്ഷിക്കാൻ ഡൽഹി പൊലീസ് നടത്തുന്ന കള്ളക്കളി പുറത്തുവന്നു. പോക്സോ കേസെടുത്തിട്ടും അറസ്റ്റിന് തെളിവില്ലെന്ന് ഡൽഹി പൊലീസ് വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എ.എൻഐ ഇന്നലെ റിപ്പോർട്ട് ചെയ്‌തു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് ട്വീറ്റ് ചെയ്ത പൊലീസ് മണിക്കൂറുകൾക്കകം പിൻവലിച്ചു.

പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ഗുസ്‌തി താരങ്ങൾ തുടർച്ചയായി ആരോപിക്കുമ്പോഴാണ് ഡൽഹി പൊലീസിന്റെ നാടകം. കർഷക നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ചൊവ്വാഴ്ച പിന്തിരിഞ്ഞ താരങ്ങൾ അഞ്ചു ദിവസത്തിനകം നടപടി ആവശ്യപ്പെട്ടിരിക്കെയാണ്, ബ്രിജ്ഭൂഷണിനെ വെള്ള പൂശാനുള്ള പൊലീസിന്റെ ശ്രമം. അതേസമയം, സമരത്തിന്റെ അടുത്തഘട്ടം തീരുമാനിക്കാൻ ഉത്തർപ്രദേശിലെ സോറം ഗ്രാമത്തിൽ ഇന്ന് കർഷക മഹാപഞ്ചായത്ത് ചേരും. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കർഷകരെത്തും. മരണം വരെ നിരാഹാരമിരിക്കുമെന്ന് താരങ്ങൾ പ്രഖ്യാച്ചതിനു പിന്നാലെ ,ഇന്ത്യ ഗേറ്റ് പരിസരത്ത് വൻപൊലീസ് സന്നാഹമൊരുക്കിയിട്ടുണ്ട്.

യു.പി കൈസർഗഞ്ചിലെ ബി.ജെ.പി എം.പിയാണ് ബ്രിജ്ഭൂഷൺ. പ്രായപൂർത്തിയാകാത്ത വനിതാ താരം ഉൾപ്പെടെ ഏഴു പേരുടെ പരാതിയിൽ രണ്ട് കേസുകളാണുള്ളത്. പോക്‌സോ ചുമത്തിയാണ് ആദ്യ കേസ്. രണ്ടാമത്തെ കേസിൽ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറും പ്രതിയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (ലൈംഗിക ചുവയുള്ള പരാക്രമം), 354 ഡി ( ലൈംഗിക ലക്ഷ്യത്തോടെ ശല്യപ്പെടുത്തൽ ) എന്നീ വകുപ്പുകളാണ് ചേർത്തത്. 2012നും 22നുമിടയിൽ പലതവണ ശല്യപ്പെടുത്തിയെന്ന് താരങ്ങൾ പറയുന്നു.

എ.എൻ.ഐ റിപ്പോർട്ട്

ബ്രിജ്ഭൂഷണിനെ അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്ന് ഡൽഹി പൊലീസിലെ ഉന്നത സ്രോതസ് വെളിപ്പെടുത്തിയെന്ന് ഉച്ചയ്‌ക്ക് 1.15ന് റിപ്പോർട്ട്

 15 ദിവസത്തിനകം കോടതിയിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കും. ഏഴ് വർഷത്തിൽ താഴെ ശിക്ഷയ്ക്കുള്ള വകുപ്പുകളായതിനാൽ അറസ്റ്റിന് കഴിയില്ല

 ബ്രിജ്ഭൂഷൺ സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും പൊലീസ് ഉന്നതൻ പറഞ്ഞു.

പൊലീസ് കളി

 വാർത്ത നിഷേധിച്ച് ഡൽഹി പൊലീസിന്റെ ഔദ്യോഗിക പേജിൽ 2.26ന് മറുപടി ട്വീറ്റ്

 അറസ്റ്റ് ചെയ്യില്ലെന്നു പറഞ്ഞിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി വിശദീകരണം

 വൈകാതെ ഇത് നീക്കി. പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

'മെഡലുകൾ ഗംഗയിൽ ഒഴുക്കിയിട്ട് കാര്യമില്ല. തെളിവുണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം. ഒരു ആരോപണമെങ്കിലും തെളിഞ്ഞാൽ തൂങ്ങിച്ചാകും'.

- ബ്രിജ്ഭൂഷൺ

Advertisement
Advertisement