യു.ഡി.എഫ് വിജയത്തിൽ അഭിമാനം: കെ. സുധാകരൻ

Thursday 01 June 2023 12:25 AM IST

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയത്തിൽ അഭിമാനമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ വിജയം യു.ഡി.എഫിന്റെ ബഹുജനാടിത്തറ ഭദ്രമാണ് എന്നതിന്റെയും എൽ.ഡി.എഫിനെതിരായ ജനരോഷത്തിന്റെയും തെളിവാണ്. ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ വലിയ തിരിച്ചടികളാണ് കാത്തിരിക്കുന്നത്.

19 വാർഡുകളിൽ ഒമ്പതിടത്താണ് യു.ഡി.എഫ് ജയിച്ചത്. നിലവിൽ ഏഴ് സീറ്റാണ് യു.ഡി.എഫിനുണ്ടായിരുന്നത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും കേരളത്തിൽ ബി.ജെ.പിയുടെ പ്രസക്തി ഇല്ലാതാകുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും നികുതി ഭീകരതയും നടപ്പാക്കി ജനത്തെ ബുദ്ധിമുട്ടിച്ച സർക്കാരിനെതിരെ ജനങ്ങളുടെ താക്കീതും പ്രതിഷേധവുമാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കണ്ണൂരിൽ പോലും സി.പി.എമ്മിനെ ജനം വെറുത്തു തുടങ്ങിയെന്നും സുധാകരൻ പറഞ്ഞു.