അകന്നകന്ന് ആറ്റുകൊഞ്ച്

Thursday 01 June 2023 12:39 AM IST

ആലപ്പുഴ : വേമ്പനാട് കായലിൽ ആറ്റുകൊഞ്ച് കുറഞ്ഞു വരുന്നതായി പഠന റിപ്പോർട്ട്. തണ്ണീർമുക്കം ബണ്ടിന്റെ പുനർ നിർമ്മാണത്തോടെ കായലിന്റെ തെക്കൻ പ്രദേശങ്ങളിലേക്ക് ഓരുവെള്ളം എത്താതായപ്പോൾ, 300 ടൺ ലഭ്യതയുണ്ടായിരുന്ന ആറ്റുകൊഞ്ച് 100 ടണ്ണായി

എ ട്രിയുടെ നേതൃത്വത്തിൽ തണ്ണീർത്തട അതോറിട്ടിയുടെ സഹകരണത്തോടെ നടത്തിയ വേമ്പനാട് ഫിഷ് കൗണ്ടിലെ കണ്ടെത്തൽ. 41 ഇനം ചിറകു മത്സ്യങ്ങളെയും ഒൻപത് ഇനം തോട് മത്സ്യങ്ങളെയും കണക്കെടുപ്പിൽ കണ്ടെത്തി.

കഴിഞ്ഞ വർഷം 48 ഇനം ചിറകുമത്സ്യങ്ങളെ കണ്ടെത്തിയിരുന്നു. തണ്ണീർമുക്കം കെ.ടി.ഡി.സി ഹാളിൽ നടന്ന സമാപന ചടങ്ങ് എ ട്രീ സീനിയർ ഫെല്ലോ ഡോ.പ്രിയദർശൻ ധർ‌മ്മരാജൻ ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ്, പനങ്ങാട് അമൃതവിശ്വ വിദ്യാപീഠം, എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ്, എസ്.ബി കോളേജ് അക്വാക്കൾച്ചർ വിഭാഗം വിദ്യാർ‌ത്ഥികൾ, ഗവേഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർ മത്സ്യങ്ങളുടെ കണക്കെടുപ്പിൽ പങ്കാളികളായി.