യുക്രെയിന്റെ അവസാന യുദ്ധക്കപ്പൽ തകർത്തെന്ന് റഷ്യ

Thursday 01 June 2023 6:29 AM IST

കീവ് : യുക്രെയിൻ നേവിയുടെ അവസാന യുദ്ധക്കപ്പലായ യൂറി ഒലെഫിറെൻകോയെ തിങ്കളാഴ്ച കരിങ്കടൽ തീരത്തെ ഒഡേസ തുറമുഖത്ത് വച്ച് തകർത്തെന്ന് അവകാശപ്പെട്ട് റഷ്യ. റഷ്യൻ എയർഫോഴ്സ് നടത്തിയ മിസൈലാക്രമണത്തിലാണ് കപ്പൽ തകർന്നതെന്നാണ് വാദം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുക്രെയിൻ വാർത്തയോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

സോവിയറ്റ് കാലഘട്ട നിർമ്മിതിയായ യൂറി ഒലെഫിറെൻകോ 1970ലാണ് കമ്മിഷൻ ചെയ്തത്. കിറോവോറാഡ് എന്നായിരുന്നു കപ്പലിന്റെ ആദ്യ പേര്. 2014ൽ കിഴക്കൻ യുക്രെയിനിലെ ഡോൺബാസിൽ റഷ്യൻ അനുകൂല വിമതർ നടത്തിയ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുക്രെയിൻ സൈനികനായ യൂറി ഒലെഫിറെൻകോയുടെ ഓർമ്മയ്ക്കായി കപ്പലിന്റെ പേര് പുനർനാമകരണം ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച ഒഡേസ തുറമുഖത്തുണ്ടായ വ്യോമാക്രമണത്തിൽ നാശനഷ്ടമുണ്ടായതായി യുക്രെയിൻ സൈന്യം നേരത്തെ സൂചിപ്പിച്ചിരുന്നു.

 ബെൽഗൊറോഡിൽ ഷെല്ലാക്രമണം

മോസ്കോ : രാജ്യത്തെ അതിർത്തി മേഖലയായ ബെൽഗൊറോഡിൽ യുക്രെയിൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റഷ്യ. രണ്ട് പേർക്ക് പരിക്കേറ്റു. യുദ്ധമുഖത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഗവർണർ വയാചെസ്‌ലേവ് ഗ്ലാഡ്കോവ് ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബെൽഗൊറോഡിൽ ഡ്രോൺ ആക്രമണങ്ങളും മറ്റും തുടരുന്നുണ്ട്.

റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലും ചൊവ്വാഴ്ച രാവിലെ ശക്തമായ ഡ്രോൺ ആക്രമണങ്ങളുണ്ടായിരുന്നു. അതേ സമയം, കിഴക്കൻ യുക്രെയിനിലെ ലുഹാൻസ്കിൽ യുക്രെയിൻ മിസൈലാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റഷ്യൻ അനുകൂല വിമതർ ആരോപിച്ചു. ആരോപണം യുക്രെയിൻ തള്ളി.

Advertisement
Advertisement