പുരുഷ വേഷത്തിൽ എത്തി അമ്മായിഅമ്മയെ അടിച്ചുകൊന്ന യുവതി പിടിയിൽ, കൊല്ലാൻ എത്തിയത് ഹെൽമറ്റും ജാക്കറ്റും ധരിച്ച്, വീഡിയോ

Thursday 01 June 2023 9:45 AM IST

ചെന്നൈ: കുടുംബവഴക്കിനെത്തുടർന്ന് പുരുഷവേഷത്തിലെത്തി അമ്മായിഅമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ സീതാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൾ ഇരുപത്തെട്ടുകാരിയായ മഹാലക്ഷ്മിയാണ് പിടിയിലായത്.

ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടർന്നു. ഇതിനിടെ കഴിഞ്ഞദിവസം ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.ഇരുമ്പ് വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ തല തകര്‍ന്ന അവസ്ഥയിലായിരുന്ന സീതാലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്വേഷണത്തെ വഴിതെറ്റിക്കാൻ ആവും വിധം ശ്രമിച്ച മഹാലക്ഷ്മിയെ അറസ്റ്റുചെയ്യാൻ പൊലീസിനെ സഹായിച്ചത് സി സി ടി വി ദൃശ്യങ്ങളായിരുന്നു. ഗുരുതരാവസ്ഥയിൽ ഭാര്യയെ കണ്ട് ഷണ്മുഖവേൽ നിലവിളിച്ചപ്പോൾ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയത് മഹാലക്ഷ്മിയായിരുന്നു. മോഷണശ്രമത്തിനിടെ ആക്രമിക്കപ്പെട്ടു എന്നുവരുത്താനായിരുന്നു മഹാലക്ഷ്മിയുടെ പിന്നത്തെ ശ്രമം. ഇതിനായി സീതാലക്ഷ്മിയുടെ അഞ്ചുപവന്റെ മാലയും കവർന്നിരുന്നു. എന്നാൽ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെ എല്ലാം പൊളിയുകയായിരുന്നു. അമ്മായി അമ്മയും മരുമകളും സ്ഥിരം കലഹത്തിലായിരുന്നു എന്ന അയൽവാസികളുടെ മൊഴിയും അന്വേഷണത്തിൽ നിർണായകമായി.

ഷണ്മുഖ വേല്‍ തൊഴുത്തിലേക്ക് പോയതിന് പിന്നാലെയാണ് വീട്ടിലേക്ക് ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ചൊരാള്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുമ്പ് പൈപ്പുമായി വീട്ടിലേക്ക് കയറിയ ആള്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങിപ്പോവുന്നതും കാണാം. അക്രമി ധരിച്ചിരുന്നത് സീതാലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ വസ്ത്രമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിക്കുന്നത്.