അപകീർത്തി കേസിൽ പരമാവധി ശിക്ഷ ലഭിക്കുന്ന ആദ്യ വ്യക്തി താൻ: രാഹുൽ

Friday 02 June 2023 6:27 AM IST

ന്യൂയോർക്ക്: അപകീർത്തി കേസിൽ പരമാവധി ശിക്ഷ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് താനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.എസ് സന്ദർശനത്തിലുള്ള രാഹുൽ സ്​റ്റാൻഫഡ് സർവകലാശാലയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് പാർലമെന്റ് അംഗത്വം നഷ്ടമായതിനെ കുറിച്ച് പ്രതികരിച്ചത്. എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് പാർലമെന്റിൽ ഇരിക്കുന്നതിനേക്കാൾ വലിയ അവസരം തനിക്ക് നൽകിയെന്ന് ഭാരത് ജോഡോ യാത്രയെ പരാമർശിച്ച് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ പ്രതിപക്ഷം പോരാടുകയാണ്. സ്ഥാപനങ്ങളെല്ലാം ബി.ജെ.പി പിടിച്ചെടുത്തു. തങ്ങൾ ജനാധിപത്യപരമായി അതിനെതിരെ പോരാടുന്നു. നിയമങ്ങളൊന്നും തങ്ങളെ സഹായിക്കുന്നില്ലെന്ന് കണ്ടതോടെ തങ്ങൾ റോഡുകളിലേക്കിറങ്ങി. അതോടെ ഭാരത് ജോഡോ യാത്ര നടന്നെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വിദേശ സഹായം തേടുകയാണോ എന്ന ചോദ്യത്തോട് താൻ ആരുടെയും പിന്തുണ തേടുകയല്ലെന്നും ഇന്ത്യയിൽ നിന്നുള്ള യുവ വിദ്യാർത്ഥികൾ ഇവിടെയുണ്ടെന്നും അവരുമായി ആശയവിനിമയം നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ പ്രതികരിച്ചു.

അതേ സമയം, തന്റെ ഫോൺ ഇപ്പോഴും ചോർത്തപ്പെടുന്നുണ്ടെന്ന് സിലിക്കൺവലി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്​റ്റാർട്ട്അപ് സംരംഭകരുമായുള്ള സംവാദത്തിനിടെ രാഹുൽ ആരോപിച്ചു. ഡേറ്റാ സുരക്ഷ സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം.

ഒരാളുടെ ഫോൺ ചോർത്താൻ ഒരു ഭരണകൂടം തീരുമാനിച്ചാൽ ആർക്കും തടയാനാകില്ലെന്നും താനെന്ത് പറഞ്ഞാലും അത് അപ്പോൾ തന്നെ സർക്കാർ അറിയുന്നുണ്ടെന്ന് താൻ കരുതുന്നതായും രാഹുൽ പറഞ്ഞു. തന്റെ ഐഫോണിൽ നോക്കി ' ഹലോ, മിസ്റ്റർ മോദി ' എന്ന് തമാശരൂപേണ പറഞ്ഞായിരുന്നു രാഹുലിന്റെ പ്രതികരണം.

Advertisement
Advertisement