മുസ്ലീം ലീഗ് പൂർണമായും മതേതര പാർട്ടി, മതേതരമല്ലാത്ത ഒന്നും അതിലില്ലെന്ന് രാഹുൽ ഗാന്ധി; വിമർശനവുമായി ബി ജെ പി

Friday 02 June 2023 8:37 AM IST

വാഷിംഗ്ടൺ: മുസ്ലീം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂയോർക്കിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്‌തുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

'ഹിന്ദുക്കളുടെ പാർട്ടിയായ ബി ജെ പിയെ വിമർശിച്ച് മതേതരത്തെക്കുറിച്ച് താങ്കൾ സംസാരിച്ചു. എന്നാൽ താങ്കൾ എം പിയായിരുന്ന കേരളത്തിൽ, മുസ്ലീം പാർട്ടിയായ മുസ്ലീം ലീഗുമായി കോൺഗ്രസ് സഖ്യത്തിലാണല്ലോ'- എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.

'മുസ്ലീം ലീഗ് പൂർണമായും മതേതര പാർട്ടിയാണ്. മതേതരമല്ലാത്ത ഒന്നും അതിലില്ല. എനിക്ക് തോന്നുന്നു ചോദ്യം ചോദിച്ചയാൾ മുസ്ലീം ലീഗിനെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ലെന്ന്.'- രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുലിന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ബി ജെ പി രംഗത്തെത്തി. മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലീം ലീഗ് രാഹുൽ ഗാന്ധിക്ക് മതേതര പാർട്ടിയാണെന്ന് ബി ജെ പി ഐ ടി സെൽ തലവൻ അമിത് മാളവ്യ പരിഹസിച്ചു.