ജോർദാൻ കിരീടാവകാശി ഹുസെെൻ രാജകുമാരൻ വിവാഹിതനായി; വധു സൗദി കുടുംബത്തിൽ നിന്ന്

Friday 02 June 2023 10:18 AM IST

അമ്മാൻ: ജോർദാൻ കിരീടാവകാശി ഹുസെെൻ ബിൽ അബ്‌ദുല്ലയും(28)​ സൗദിയിലെ രാജ്‌വ അൽ സെയ്‌ഫയും ഇന്നലെ വിവാഹിതരായി. ജോർദാൻ തലസ്ഥാനമായ അമ്മാനിലെ സഹ്രാൻ കൊട്ടരത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. രാജകുടുംബാംഗങ്ങൾ,​ യു എസ് പ്രഥമ വനിത ജിൽ ബെെഡൻ,​ ബ്രിട്ടനിലെ വില്യം രാജകുമാരൻ,​ ഭാര്യ കെയ്റ്റ് എന്നിവരടക്കം 140 അതിഥികൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

2009ലാണ് ഹുസെെൻ രാജകുമാരനെ സിംഹാസനത്തിന്റെ അവകാശിയായി പ്രഖ്യാപിച്ചത്. രാജ്‌വയ്ക്ക് സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ട്. നെതർലൻഡ്‌സിലെ രാജാവ് വില്ല്യം-അലക്‌സാണ്ടർ, രാജ്ഞി മാക്‌സിമ, ബെൽജിയം രാജാവ് ഫിലിപ്പ്, കിരീടാവകാശി എലിസബത്ത്, ഡാനിഷ് കിരീടാവകാശി ഫ്രെഡറിക്, ഡെന്മാർക്കിലെ രാജകുമാരി മേരി എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

വിവാഹത്തോടനുബന്ധിച്ച് ജോർദാനിൽ ഉടനീളം ആഘോഷങ്ങൾ നടന്നു. വധുവരൻമാരുടെ ചിത്രങ്ങളും ബാനറുകളും കൊണ്ട് തെരുവുകൾ അലങ്കരിച്ചു. ദമ്പതികൾ പങ്കെടുക്കുന്ന ഘോഷയാത്ര കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് അമ്മാനിൽ ഒത്തുകൂടിയത്.

​11ദശലക്ഷം ജനങ്ങളുള്ള രാജ്യമാണ് ജോർദാൻ. രാജ്യത്തെ സായുധ സേനയുടെയും അധികാരം രാജാവിനാണ്. ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാഡമിലെ പഠനത്തിന് ശേഷം ഹുസെെൻ വാഷിംഗ്‌ടണിലെ സർവകലാശാലയിൽ ചരിത്രം പഠിച്ചു. രാജ്‌വ ന്യൂയോർക്കിലെ സിറാക്കൂസ് സർവകലാശാലയിൽ ആർക്കിടെക്ചർ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.