വനിതാ നേതാവിന്റെ കാർ തള്ളിയ ഡിവൈഎഫ്ഐക്കാരനല്ലേ വിലസിനടക്കുന്ന പ്രതികളിലൊരാൾ, യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചവരെ പിടികൂടാത്തതിൽ പൊലീസിനെ കുടഞ്ഞ് ഹൈക്കോടതി

Friday 02 June 2023 12:37 PM IST

കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തെയും സഹപ്രവർത്തകരായ ആഷിക് ബൈജു, അജ്മൽ, ശരത്ത് മോഹൻ എന്നിവരെ ക്രൂരമായി ആക്രമിച്ച കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നും പ്രതികൾ സമൂഹ്യമദ്ധ്യമത്തിലും പൊലീസ് സാന്നിദ്ധ്യത്തിലും പരസ്യമായി വിലസിയിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപിച്ച് വിഷ്ണു സുനിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജോമി.കെ.ജോസ് മുഖേന സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതി വിമർശനം നടത്തിയത്.

ഹർജി കേട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ വിമർശിച്ചു. രണ്ടാം പ്രതി പൊലീസിന്റെയും സംസ്ഥാന മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കേസിൽ ആരോപണ വിധേയയായ വനിതാ നേതാവിന്റെ കാർ തള്ളുന്നതിന്റെ ദൃശ്യമാദ്ധ്യമ വാർത്ത വാദിഭാഗം കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ കോടതിയിൽ ചാർജ്ജ് ഷീറ്റ് സമർപ്പിക്കുന്നത് തടഞ്ഞും ഉത്തരവായി.