പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌ത 850 കോടിയുടെ സപ്‌തർഷി പ്രതിമകൾ കാറ്റടിച്ച് തകർന്നു; 50 ശതമാനം കമ്മിഷൻ ആരോപണവുമായി കോൺഗ്രസ്

Friday 02 June 2023 1:13 PM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പ്രസിദ്ധമായ ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മഹാകാൽ ഇടനാടിയിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച സപ്‌തർഷി പ്രതിമകളിൽ ആറെണ്ണം തകർന്നു. പ്രതിമ നിർമ്മാണത്തിൽ ക്രമക്കേടുണ്ടായെന്നും പദ്ധതിയിൽ 50 ശതമാനം കമ്മിഷൻ എന്ന ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ് കോൺഗ്രസ്.

കർണാടകയിൽ 40 ശതമാനം സർക്കാ‌ർ എന്നതുപോലെ മദ്ധ്യപ്രദേശിൽ '50 ശതമാനം കമ്മിഷൻ' എന്ന മുദ്രാവാക്യമാണ് ശിവരാജ്‌ സിംഗ് ചൗഹാൻ സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിയത്. കൂറ്റൻ പ്രതിമകൾ തകരാൻ കാരണമായത് ബിജെപി സർ‌ക്കാരിന്റെ കമ്മിഷൻ ആണെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ മദ്ധ്യപ്രദേശ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു. 850 കോടി ചിലവഴിക്കുന്ന മഹാകാൽ ഇടനാഴി പ്രൊജക്‌ടിൽ ആദ്യഘട്ടത്തിൽ 419 കോടിയുടെ പ്രവർത്തനങ്ങളാണ് ഇതുവരെ നടന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്‌തത്. ശക്തമായ കാറ്റിലാണ് പ്രതിമകൾ വീണ് തകർന്നത്. അതേസമയം കോൺഗ്രസ് ആരോപണത്തെ പ്രതിമയുടെ ശിൽപി എതിർത്തു. ഫൈബർ റീഇൻഫോഴ്‌സ്‌‌ഡ് പ്ളാ‌സ്റ്റിക് (എഫ്ആർപി) ഉപയോഗിച്ചുള്ള പ്രതിമ നിർമ്മാണത്തെയും പ്രധാനശിൽപി കൃഷ്‌ണ മുരാരി ശർമ്മ ന്യായീകരിച്ചു. ഹൈ ടെക് വ്യവസായങ്ങളിലും എയറോനോട്ടിക്കൽ വ്യവസായങ്ങളിലുമടക്കം എഫ്‌ആർപി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.

അതേസമയം പ്രതിമ നിർമ്മിച്ച് അതിൽ അഴിമതി നടത്തി കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിൽ ചൗഹാൻ സർക്കാർ കളിക്കുകയാണെന്ന് മദ്ധ്യപ്രദേശ് കോൺഗ്രസ് ആരോപിച്ചു. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ കൊള്ളയടിക്കുമ്പോൾ മഹാകാലിനെപ്പോലും ബിജെപിയ്‌ക്ക് ഭയമില്ലെന്നും അഴിമതിയിൽ ദൈവത്തെപ്പോലും ബിജെപി ഒഴിവാക്കില്ലെന്നും മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷ ചുമതല വഹിക്കുന്ന ജെ.പി അഗർവാൾ പറഞ്ഞു.

സംഭവത്തിൽ ലോകായുക്ത അന്വേഷണത്തിൽ സാങ്കേതിക വിദഗ്ദ്ധരുമുണ്ടാകും. പ്രതിമ നിർ‌മ്മിച്ചതെവിടെ? ആരുടെ നേതൃത്വത്തിലാണ് പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്? ഉറപ്പേറിയ സ്ഥലത്താണോ പ്രതിമ സ്ഥാപിച്ചിരുന്നത് എന്നീ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്.