മാറിടത്തിലും വയറ്റിലും നിരവധി തവണ തടവി, അനുവാദമില്ലാതെ നിതംബത്തിൽ സ്പർശിച്ചു: ബ്രിജ്ഭൂഷനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി രണ്ട് എഫ് ഐ ആർ
ന്യൂഡൽഹി: ലൈംഗിക ആരോപണം നേരിടുന്ന ബി ജെ പി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിംഗിനെതിരെ ഗുരതര വകുപ്പുകൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. അദ്ദേഹത്തിനെതിരെ ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് പൊലീസ് നടപടി. അനുവാദമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു, സ്വകാര്യ വിവരങ്ങൾ തിരക്കി, ടൂർണമെന്റിനിടെ ഉണ്ടായ പരിക്കുകൾ റെസ്‌ലിംഗ് ഫെഡറേഷന്റെ പണം ഉപയോഗിച്ച് ചികിത്സിക്കുന്നതിന് പ്രത്യുപകാരമായി ലൈംഗികത ആവശ്യപ്പെട്ടു,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നെഞ്ചിൽ അശ്ലീല ഉദ്ദേശ്യത്തോടെ തടവി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എഫ് ഐ ആറിൽ ഉള്ളതെന്നാണ് റിപ്പോർട്ട്.
കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഏഴ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിപ്രകാരം രണ്ട് എഫ് ഐ ആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ആറുപേരുടെ പരാതി ഒരുമിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രത്യേകവുമാണ് പൊലീസ് പരിഗണിച്ചത്. 2012 മുതൽ 2022 വരെ ഇന്ത്യയിലും വിദേശത്തും നടന്ന സംഭവങ്ങളാണ് എഫ് ഐ ആറിൽ പരാമർശിച്ചിരിക്കുന്നത്.
ടീഷർട്ട് മുകളിലേക്ക് ഉയർത്തി ശ്വാസം പരിശോധിക്കാനെന്ന വ്യാജേന പൊക്കിളിൽ കൈവച്ചു എന്നാണ് ഒരു പരാതിയിൽ ആരോപിക്കുന്നത്. ആരോഗ്യത്തിനും പ്രകടനത്തിനും നല്ലതായിരിക്കുമെന്ന് പറഞ്ഞ് ഡയറ്റീഷ്യനോ പരിശീലകനോ അംഗീകരിക്കാത്ത അജ്ഞാത വസ്തു കഴിക്കാൻ നൽകിയെന്ന് മറ്റൊരു പരാതിയിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അത്താഴം കഴിക്കാൻ പോകുമ്പോൾ അരികിലേക്ക് വിളിച്ചശേഷം സമ്മതമില്ലാതെ മാറിടത്തിലും വയറ്റിലും കൈവച്ച് നിരവധി തവണ തഴുകി എന്നാണ് മറ്റൊരു താരത്തിന്റെ പരാതിയിൽ പറയുന്നത്.ടീമിന്റെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ നിന്നപ്പോൾ നിതംബത്തിൽ അനുവാദമില്ലാതെ സ്പർശിച്ചു എന്നും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ബ്രിജ്ഭൂഷൻ തള്ളിക്കഞ്ഞു. താരങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഒന്നെങ്കിലും തെളിയിച്ചാൽ തൂങ്ങിമരിക്കാൻ തയ്യാറാണെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. ഗുസ്തിയിൽ ഇരുപതാം സ്ഥാനത്തായിരുന്ന രാജ്യം അഞ്ചാംസ്ഥാനത്തെത്തിയത് തന്റെ കഠിനാദ്ധ്വാനം കൊണ്ടാണെന്ന അവകാശവാദവും ബ്രിജ്ഭൂഷൻ ഉന്നയിച്ചു.