ബ്രിജ് ഭൂഷണെ ജൂൺ ഒമ്പതിനകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കിൽ പ്രക്ഷോഭം, കേന്ദ്രത്തിന് ക‌ർഷക നേതാക്കളുടെ അന്ത്യശാസനം

Friday 02 June 2023 6:37 PM IST

ന്യൂഡൽഹി : ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺസിംഗിനെ ജൂൺ ഒമ്പതിനകം അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രത്തിന് കർഷക സംഘാടനാ നേതാക്കളുടെ അന്ത്യശാസനം. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷക നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന ഖാപ് പഞ്ചായത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.

ജൂൺ ഒമ്പതിനകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജന്തർമന്തറിൽ ഗുസ്തി താരങ്ങൾക്കൊപ്പം അണിനിരക്കുമെന്നും നേതാക്കൾ പറഞ്ഞു.

കേന്ദ്ര സർക്കാരിന് ജൂൺ ഒമ്പത് വരെ സമയമുണ്ട്. ബ്രിജ് ഭൂഷണിന്റെ അറസ്റ്റിൽ കുറഞ്ഞ് ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. അത് നടപ്പായില്ലെങ്കിൽ ജൂൺ ഒമ്പതിന് ഞങ്ങൾ ജന്തർമന്തറിലേക്ക് പോകും. രാജ്യത്തുടനീളം പഞ്ചായത്തുകൾ നടത്തും. ഗുസ്തി താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കണം,​. ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു.

ബ്രിജ് ഭൂഷൺ അയോദ്ധ്യിൽ നടത്താനിരുന്ന റാലി മാറ്റിവച്ചതിന് പിന്നാലെയാണ് ഖാപ് പഞ്ചായത്ത് സമയം നീട്ടി നൽകിയിരിക്കുന്നത്. ജൂൺ അഞ്ചു വരെ സമരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിനിധികൾ വഴി വിഷയം നേരിട്ട് കേന്ദ്രസർ‌ക്കാരിനെ അറിയിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിയെ കാണുന്നതിന് പത്തംഗസമിതി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.