രോഗിയായ ഭാര്യയെ കാണാം, എന്നാൽ മാദ്ധ്യമങ്ങളോട് മിണ്ടരുത്; മനീഷ് സിസോദിയയ്ക്ക് ഉപാധികളോടെ ജാമ്യം

Friday 02 June 2023 8:29 PM IST

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജയിലിൽ തുടരുന്ന ആംആദ്മി നേതാവ് മനീഷ് സിസോദിയയ്ക്ക് ഇടക്കാല ജാമ്യം. രോഗിയായ ഭാര്യയെ സന്ദർശിക്കാനായാണ് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചത്. മാദ്ധ്യമ പ്രവർത്തകരെ കാണരുതെന്നും ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കരുതെന്നുമടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചത്.

പുറത്തിറങ്ങിയാൽ സാക്ഷികളെ അടക്കം സ്വാധീനിക്കാൻ തക്കവണ്ണം ശക്തനാണെന്ന് ചൂണ്ടിക്കാട്ടി സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഭാര്യയുടെ ആരോഗ്യസ്ഥിതി അറിയിച്ച് വീണ്ടും ജാമ്യാപേക്ഷ നൽകിയത്. ഇ ഡി കേസിലെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ച കോടതി ശനിയാഴ്ച്ച രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ ജാമ്യം അനുവദിക്കുകയായിരുന്നു,

അതേസമയം മികച്ച മദ്യനയമായിരുന്നെങ്കിൽ എന്തിന് പിൻവലിച്ചുവെന്ന് കഴിഞ്ഞ ദിവസം മനീഷ് സിസോദിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു. സിസോദിയയുടെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് ദിനേശ് കുമാർ ശ‌ർമയാണ് ചോദ്യമുന്നയിച്ചത്. കളളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച ഇ.ഡി കേസിലാണ് സിസോദിയ ജാമ്യാപേക്ഷ സമർപ്പിച്ചത്. ലെഫ്റ്റനന്റ് ഗവർണർ തടസം നിന്നത് കാരണമാണ് മദ്യനയം പിൻവലിച്ചതെന്ന് സിസോദിയയുടെ അഭിഭാഷകൻ മറുപടി നൽകി. ഈ വാദത്തെ എതിർത്ത അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, ക്രമക്കേട് പുറത്തുവന്നത് കാരണമാണ് മദ്യനയം പിൻവലിക്കേണ്ടി വന്നതെന്ന് തിരിച്ചടിച്ചു. ചോദ്യത്തിന് കൃത്യമായ മറുപടി സമർപ്പിക്കാൻ കോടതി സിസോദിയയുടെ അഭിഭാഷകന് നിർദ്ദേശം നൽകി.

Advertisement
Advertisement