മലയാളി വിദ്യാർത്ഥികൾക്കുനേരെ  സദാചാര ഗുണ്ടാ ആക്രമണം #അഞ്ച് പ്രതികൾ അറസ്റ്റിൽ 

Saturday 03 June 2023 12:23 AM IST

കാസർകോട്: സദാചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് മംഗളൂരു സോമേശ്വര ബീച്ചിൽ മൂന്ന് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ ഹിന്ദുസംഘടനാപ്രവർത്തകരായ അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്.

ഉള്ളാളിലെ ബസ്തിപഡ്പു സ്വദേശി യതീഷ്, സച്ചിൻ, സുഹാസ്, തലപ്പാടി സ്വദേശി അഖിൽ എന്നിവരാണ് അറസ്റ്റിലായ യുവാക്കൾ. ഇതരമതവിശ്വാസികളായ പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന്റെ പേരിൽ കണ്ണൂർ,​കാസർകോട് സ്വദേശികളായ വിദ്യാർത്ഥികളാണ് മർദ്ദനത്തിന് ഇരയായത്.

വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം. വിദ്യാർഥികളെ പിന്തുടർന്ന സദാചാരവാദികൾ ആൺകുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടികൾ അവിടെ നിന്ന് മടങ്ങി. പൊലീസാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. മംഗളൂരുവിലെ പാരാ മെഡിക്കൽ കോളേജിൽ പഠിക്കുന്നവരാണ് വിദ്യാർത്ഥികളും പെൺകുട്ടികളും.

ബീച്ചിൽ എത്തിയ സമയം മുതൽ അക്രമികൾ പിന്തുടരുകയായിരുന്നു. ഐ.പി.സി 307 പ്രകാരം കലാപത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തതായി മംഗളൂരു പോലീസ് കമ്മിഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. ചില പ്രതികൾ ഒളിവിലാണ്.

വിദ്യാർത്ഥികൾ ഉള്ളാൾ പൊലീസിൽ പരാതി നൽകി.

വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തെ തുടർന്ന് സോമേശ്വര ബീച്ചിൽ സുരക്ഷ ശക്തമാക്കി. മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി. സദാചാര പൊലീസിംഗ് വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം കേസുകളിൽ കർശനമായി ഇടപെടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

 പ്രതിഷേധിച്ച് വി.എച്ച്.പി

പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സതീഷ് കുമ്പാല, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്രംഗ്ദൾ നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി ഭീഷണിപ്പെടുത്തി. വിവിധ മതങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ ബീച്ചിൽ വന്ന് പുണ്യസ്ഥലത്ത് അപമര്യാദയായി പെരുമാറി. ഹിന്ദു പ്രവർത്തകർ അവരെ ചോദ്യം ചെയ്തതതേയുള്ളൂവെന്ന് അവർ പറഞ്ഞു. ആരാധനാലയങ്ങളിൽ മോശം പെരുമാറ്റം കണ്ടാൽ പ്രകോപിതരാവും. നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത് ന്യായമല്ല, ഇത്തരം സംഭവങ്ങൾ പ്രോത്സാഹിപ്പിക്കരുത്-സതീഷ് കുമ്പാല പറഞ്ഞു.