സ്‌റ്റേജിൽ അടിതെറ്റി ബൈഡൻ,​ ഹെലികോപ്റ്ററും ചതിച്ചു !

Saturday 03 June 2023 6:27 AM IST

വാഷിംഗ്ടൺ : യു.എസിലെ കൊളറാഡോയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സ്റ്റേജിൽ കാൽതട്ടി നിലത്ത് വീണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. എയർഫോഴ്സ് അക്കാഡമിയിൽ ബിരുദധാന ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു സംഭവം. ചടങ്ങിൽ പ്രസംഗിച്ച ബൈഡൻ കേഡറ്റുകൾക്ക് ഹസ്തദാനം നൽകിയ ശേഷം ഇരിപ്പിടത്തിലേക്ക് നീങ്ങവെയാണ് സ്റ്റേജിലുണ്ടായിരുന്ന ചെറിയ സാൻഡ്‌ബാഗിൽ കാൽതട്ടി വീണത്.

ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. തനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ലെന്ന് വ്യക്തമാക്കിയ ബൈഡൻ ആരുടെയും സഹായമില്ലാതെ ഇരിപ്പിടത്തിലേക്ക് തന്നെ നടന്നുനീങ്ങുകയും ചെയ്തു.

അദ്ദേഹത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് വൈറ്റ് ഹൗസും അറിയിച്ചു. അതേ സമയം, പരിപാടി കഴിഞ്ഞ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയ ബൈഡന്റെ തല ഹെലികോപ്റ്ററിന്റെ വാതിലിലും ഇടിച്ചു. പരിക്കില്ലെന്നാണ് വിവരം.

അടുത്ത വർഷം പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 80കാരനായ ബൈഡന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്കിടെയാണ് പുതിയ വീഴ്ച. വൈറ്റ് ഹൗസിലേക്ക് വീണ്ടും മത്സരിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയുടെ ചരിത്രത്തിലെ ഏ​റ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡൻ. മുമ്പ് ഡൊണാൾഡ് ട്രംപിനായിരുന്നു പദവിയിലെത്തിയ ഏ​റ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ് എന്ന റെക്കാഡ്. 77 ാം വയസിൽ വൈ​റ്റ് ഹൗസിന്റെ പടിയിറങ്ങിയ റൊണാൾഡ് റീഗന്റെ റെക്കാഡ് തകർത്ത് യു.എസിൽ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കുന്ന ഏ​റ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന നേട്ടവും ബൈഡൻ സ്വന്തമാക്കിയിരുന്നു.

 വീണ്ടും വീഴ്ചകൾ

ഇതാദ്യമായല്ല ബൈഡൻ ക്യാമറയ്ക്ക് മുന്നിൽ കാലിടറി വീഴുന്നത്. കഴിഞ്ഞ നവംബറിൽ ഇൻഡോനേഷ്യയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബൈഡൻ പടികയറുന്നതിനിടെ കാൽ ഇടറി വീഴാനൊരുങ്ങിയപ്പോൾ തുണയായത് ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ആയിരുന്നു. ഒപ്പമുണ്ടായിരുന്ന വിഡോഡോ കൃത്യസമയത്ത് ബൈഡന്റെ കൈകളിൽ പിടിച്ചതിനാൽ അദ്ദേഹം വീണില്ല.

അതിന് മുമ്പ് ഡെലാവെയറിലെ റെഹോബത്ത് ബീച്ചിൽ അവധിക്കാല വസതിയ്ക്ക് സമീപം സൈക്കിളിൽ സഞ്ചരിക്കവെ ബൈഡൻ നിലത്ത് വീണിരുന്നു. തന്നെ കാണാൻ തടിച്ചുകൂടിയ പ്രദേശവാസികളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു ബൈഡൻ സൈക്കിളിൽ നിന്ന് നിലത്ത് വീണത്.

സൈക്കിളിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ പെഡലിൽ നിന്ന് കാലെടുക്കാൻ ശ്രമിച്ചപ്പോൾ ബൈഡന്റെ ഷൂ അതിനിടെയിൽ കുടുങ്ങിയതോടെ ബാലൻസ് തെ​റ്റി വീഴുകയായിരുന്നെന്നു. നേരത്തെ ബൈഡൻ എയർ ഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിനിടെ കോണിപ്പടിയിൽ കാലിടറി വീണതിന്റെ വീഡിയോയും വൈറലായിരുന്നു.

Advertisement
Advertisement