യുക്രെയിൻ വിഷയം: കേന്ദ്രത്തെ പിന്തുണച്ച് രാഹുൽ
വാഷിംഗ്ടൺ: യുക്രെയിൻ-റഷ്യ സംഘർഷത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബിൽ നടന്ന സംവാദത്തിനിടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങൾക്ക് റഷ്യയുമായി ഒരു ബന്ധമുണ്ട്. അവരിൽ ചില ആശ്രയത്വങ്ങളുണ്ട്. അതിനാൽ ഇന്ത്യൻ സർക്കാരിന്റെ നിലപാട് തന്നെയാണ് തനിക്കുമുള്ളത്. ഞങ്ങളുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ കോൺഗ്രസ് എങ്ങനെ വിലയിരുത്തുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്ത്യയും യു.എസും തമ്മിലെ ബന്ധം സുപ്രധാനമാണെന്നും ഇരുരാജ്യങ്ങൾക്കുമിടെയിലെ പ്രതിരോധ ബന്ധം പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയിൻ - റഷ്യ സംഘർഷം പരിഹരിക്കാൻ നയതന്ത്ര മാർഗം സ്വീകരിക്കണമെന്നും ഉപരോധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. യുക്രെയിന് മാനുഷിക സഹായങ്ങൾ നൽകുന്ന ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ റഷ്യയെ കുറ്റപ്പെടുത്താതെയുള്ള നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.
അതേസമയം, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷത്തിന് കഴിയുമെന്ന് രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷത്തിന്റെ മഹാ സഖ്യം രൂപപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.