സിനിമാ സെറ്റിൽ വച്ച് മൊട്ടിട്ട പ്രണയം; ഇന്ന് വിവാഹ ജീവിതത്തിന്റെ അൻപതാം വർഷത്തിൽ ബച്ചനും ജയയും
ഇന്ത്യയിലെ ഏറ്റവും വലിയ താരദമ്പതിമാരായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും അൻപതാം വിവാഹവാർഷികമാണിന്ന്. 1973 ജൂൺ മൂന്നിനായിരുന്നു അമിതാഭ് ബച്ചനും ജയയും വിവാഹിതരാകുന്നത്. ഒരു ഡസനിലധികം സിനിമകളിൽ പ്രണയാർദ്രമായി ഒന്നിച്ചഭിനയിച്ച് കൊണ്ട് പ്രേക്ഷകരെ പാട്ടിലാക്കിയതിന് ശേഷമാണ് അമിതാഭ് ബച്ചനും ജയാ ബാദുരിയും വിവാഹത്തിലൂടെ ഒന്നായത്.
1970ന്റെ തുടക്കത്തിലാണ് അമിതാഭും ജയയും പരസ്പരം കണ്ടുമുട്ടുന്നത്. പ്രശസ്ത ചലച്ചിത്ര നിർമാതാവ് കെ അബ്ബാസിനും ഒരു കൂട്ടം അഭിനേതാക്കൾക്കുമൊപ്പം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അമിതാഭ് എത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. അന്നുതന്നെ അമിതാഭിന്റെ വ്യക്തിത്വം ജയയുടെ മനസിൽ ഇടംപിടിച്ചു. അമിതാഭ് അന്ന് അഭിനയത്തിലേക്ക് പിച്ചവച്ച് തുടങ്ങിയ സമയമായിരുന്നു. പക്ഷേ ജയാ ബാദുരി അപ്പോഴേക്കും ഒരു ലേഡി സ്റ്റാർ ആയി മാറിയിരുന്നു. കാലങ്ങൾക്ക് ശേഷം ഹൃഷികേശ് മുഖർജിയാണ് ഗുഡ്ഡി എന്ന സിനിമയിലൂടെ ഈ താരജോഡിയെ ആദ്യമായി ഒന്നിപ്പിച്ചത്. അധികം താമസിയാതെ ഇവർ തമ്മിൽ പ്രണയത്തിലായി. ‘ഏക് നസറി’ന്റെ സെറ്റിൽ വച്ച് ജയയാണ് അമിതാഭ് ബച്ചനോട് തന്റെ പ്രണയം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് 1973 ജൂൺ മൂന്നിന് ഇരുവരും വിവാഹിതരാവുകയായിരുന്നു.