മൃതദേഹങ്ങൾക്ക് സമീപം നിർത്താതെ മുഴങ്ങുന്ന മൊബൈൽ ഫോണുകൾ, വേനലവധി കഴിഞ്ഞ് കുട്ടികളെത്തേണ്ട ബഹനാഗ ഹൈസ്കൂളിലേത് നൊമ്പരപ്പെടുത്തുന്ന കാഴ്ച

Saturday 03 June 2023 8:25 PM IST

ഭുവനേശ്വർ: ഒറ്റരാത്രി കൊണ്ട് മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് ബാലസോറിലെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെയാണ് മരണപ്പെട്ടവരെ പുറത്തേയ്ക്ക് മാറ്റിത്തുടങ്ങിയത്. സ്കൂളുകൾ അടക്കമുള്ള പല സ്ഥാപനങ്ങളും ഇതോടെ താത്ക്കാലിക മോർച്ചറികളായി മാറി. ഇത്തരം താത്ക്കാലിക മോർച്ചറികളിൽ ഉറ്റവരെ അന്വേഷിച്ചെത്തുന്ന പലരും ചെന്നെത്തുന്നത് മൃതദേഹത്തിന് സമീപമിരുന്ന് റിങ് ചെയ്യുന്ന മൊബൈൽ ഫോണുകളുടെ അടുത്തേയ്ക്കാണ്.

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിരന്നതോടെ ബഹനാഗയിലെ ഹൈസ്ക്കൂളും താത്ക്കാലിക മോർച്ചറിയായി മാറി. ഇവിടെ നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങൾക്കരികിൽ നിർത്താതെ മുഴങ്ങുന്ന മൊബൈൽ ഫോണുകൾ ഉള്ളുലയ്ക്കുന്ന കാഴ്ചയാണെന്നാണ് മാദ്ധ്യമപ്രവർത്തകയായ സത്യസുന്ദർ ബരിക് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.

ബഹനാഗ ഹൈസ്ക്കൂളിനുള്ളിൽ നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങൾക്ക് സമീപമുള്ള മൊബൈൽ ഫോണുകൾ നിർത്താതെ ശബ്ദിക്കുന്നത് നടുക്കമുളവാക്കിയെന്നാണ് സത്യസുന്ദർ ബരിക് അറിയിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെയുണ്ടോ എന്നറിയാനായി മുഴങ്ങുന്ന ഇത്തരം ഫോൺകോളുകൾ വൈകാതെ തന്നെ ദുഃഖവാർത്ത അറിയേണ്ടിവരുമെന്ന നൊമ്പരവും അവർ പങ്കുവെച്ചു.