ഇരകളിലേറെയും സാധാരണക്കാർ ; ജോലി അന്വേഷിച്ചിറങ്ങിയ 11 പേരെ കാണാനില്ലെന്ന് പരാതി

Sunday 04 June 2023 1:50 AM IST

ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിലെ ഇരകളിലേറെയും സാധാരണക്കാർ. ഹോട്ടൽ ജോലി അന്വേഷിച്ചിറങ്ങിയവർ അടക്കമാണ് മരിച്ചത്. പശ്ചിമബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ സാഗർ ഖേരിയ ബെംഗളൂരുവിൽ ഹോട്ടൽ ജോലി അന്വേഷിച്ച് പോയ ശേഷം നാട്ടിലേക്ക് മടങ്ങവേയാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്. ബെംഗളൂരു - ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിൽ സഞ്ചരിക്കുകയായിരുന്ന സാഗർ ഖേരിയ. ദുരന്തത്തിന് തൊട്ടുമുൻപ് വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഇയാളുടെ അച്‌ഛൻ തേയില തോട്ടത്തിലെ തൊഴിലാളിയാണ്. സാഗർ അടക്കം ജോലി അന്വേഷിച്ചിറങ്ങി മടങ്ങുകയായിരുന്ന പതിനാല് പേരടങ്ങിയ ചെറുപ്പക്കാരുടെ സംഘത്തിലെ രണ്ട് പേർക്ക് പരിക്കേറ്റു. മറ്റ് 11 പേരെ കുറിച്ച് ഇതുവരെ വിവരമില്ല. ഇവരെ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കാണാതായ 11 പേരെ കുറിച്ച് അന്വേഷിക്കാൻ ബന്ധുക്കളടങ്ങിയ സംഘം ജൽപായ്ഗുരിയിൽ നിന്ന് ബാലോസോറിലേക്ക് തിരിച്ചു.