ബാഗ്‌മതി ദുരന്തത്തിന് 42 തികയുമ്പോൾ

Sunday 04 June 2023 1:58 AM IST

ന്യൂഡൽ​ഹി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നായ ബാഗ്മതി ട്രെയിൻ ദുരന്തമുണ്ടായി 42 വർഷം തികയുമ്പോഴാണ് മറ്റൊരു ട്രെയിൻ ദുരന്തം. 1981 ജൂൺ ആറിന് സമസ്തിപൂർ- ബസ്മഖി പാസഞ്ചർ ബാഗ്മതി നദിയിലേക്ക് മറിഞ്ഞ് എത്ര പേർ മരിച്ചു എന്ന് ഇന്നും ഉത്തരമില്ലാത്ത ചോദ്യം. 246 പേർ മരിച്ചെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാൽ ട്രെയിനിൽ എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ലായിരുന്നു. 500 പേ‌ർക്ക് മാത്രം സഞ്ചാരയോഗ്യമായ ട്രെയിനിന്റെ മുകളിൽ വരെ അന്ന് യാത്രക്കാരുണ്ടായിരുന്നു. ഒമ്പത് ബോഗികളിൽ പലതിലും തിങ്ങി നിറഞ്ഞ് ആളുകൾ.

88 പേരെ മാത്രമാണ് അന്ന് രക്ഷിക്കാനായത്. മൃതദേഹങ്ങളിൽ പലതും നദീതീരത്തു തന്നെ സംസ്കരിച്ചു.

ബോഗികൾ നദിയുടെ അമ്പത് അടി ആഴത്തിലായിരുന്നു. മണ്ണും വെള്ളവും നിറഞ്ഞ ബോഗികൾ

വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുമ്പോൾ പലതും ചീഞ്ഞളിഞ്ഞിരുന്നു. ദിവസങ്ങൾ എടുത്താണ് പരമാവധി മൃതദേഹങ്ങൾ പുറത്തെടുത്തത്. പിറ്റേ ദിവസം മുതൽ നദിയിൽ പൊങ്ങി വന്ന മൃതദേഹങ്ങൾ വേറെയും. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്നായിരുന്നു. അന്നത്തെ ബീഹാർ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര ദുരന്തത്തെ വിശേഷിപ്പിച്ചത്.

Advertisement
Advertisement