ബൈക്കിലും സ്കൂട്ടറിലും കുട്ടികളുമായുള്ള യാത്ര അനുവദിക്കില്ല: കർശന നിലപാട് അറിയിച്ച് കേന്ദ്രമന്ത്രി

Sunday 04 June 2023 10:59 AM IST

ന്യൂഡൽഹി: ഇരുചക്രവാഹനത്തിൽ കുട്ടികളുമായുള്ള യാത്ര ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന കർശന നിലപാടുമായി കേന്ദ്രസർക്കാർ. രാജ്യസഭയിലെ സി പി എം അംഗം എളമരം കരീമിന്റെ കത്തിനുള്ള മറുപടിയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്തുവയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം യാത്രചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എളമരം കരീം കത്തുനൽകിയത്.

പന്ത്രണ്ട് വയസിൽ താഴെയുള്ള ഒരാളടക്കം മൂന്നുപേർക്ക് ഇരുചക്രവാഹനത്തിൽ യാത്രചെയ്യാൻ അനുവദിണക്കമെന്ന് നേരത്തേ കേരളവും കേന്ദ്രത്താേട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഈ കത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കേണ്ടെന്നായിരുന്നു ഉന്നതതല യോഗ തീരുമാനം. കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായ സ്ഥിതിക്ക് ഇനി സംസ്ഥാനം എന്ത് തീരുമാനമെടുക്കും എന്നതാണ് അറിയേണ്ടത്.ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.ക്യാമറ ഇടപാടിലെ അഴിമതി ആരോപണം വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കിയാൽ ജനരോഷമുയരുമെന്നു തിരിച്ചറിഞ്ഞായിരുന്നു പിൻവാങ്ങൽ.

അതേസമയം, സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 726 എ.ഐ ക്യാമറകൾ വഴി കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് നാളെ മുതലാണ് പിഴ ഈടാക്കും. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മിറ്റി ക്യാമറകളുടെ പ്രവർത്തനം തുടങ്ങുന്നതിൽ അപാകതയില്ലെന്ന് കാട്ടി ഇന്നലെ സർക്കാരിന് റിപ്പോർട്ട് നൽകി.

ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇനിയും കെൽട്രോണുമായുള്ള വ്യവസ്ഥകളിൽ അന്തിമരൂപം കൈവരിക്കേണ്ടതുണ്ട്. സാങ്കേതിക കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തുടർചർച്ചകൾ നടക്കും. കേടാകുന്ന ക്യാമറകൾ നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നത് കെൽട്രോണാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർവാഹനവകുപ്പ് സഹായം നൽകും. കെ.എസ്.ഇ.ബിയുടെ മാതൃകയിൽ വാഹനാപകടങ്ങളിൽ ക്യാമറ പോസ്റ്റുകൾ കേടായാൽ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്. ക്യാമറകൾക്ക് സുരക്ഷാ സംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു.