സിഗ്നലുകൾ ലംഘിച്ചിട്ടില്ല, ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തത്; അമിത വേഗതയിലായിരുന്നില്ലെന്ന് ലോക്കോ പൈലറ്റ്

Sunday 04 June 2023 4:33 PM IST

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി ലോക്കോ പൈലറ്റ്. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും ഗ്രീൻ സിഗ്നൽ കിട്ടിയതിന് ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്നും ലോക്കോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ട്രെയിൻ അമിത വേഗത്തിലായിരുന്നില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സിഗ്നൽ സംവിധാനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് റെയിൽവേ ബോർഡ് ഓപ്പറേഷൻ ആൻഡ് ബിസിനസ് ഡവലപ്‌മെന്റ് അംഗം ജയ വർമ സിൻഹ പ്രതികരിച്ചു. കോറമണ്ഡൽ എക്‌സ്‌‌‌പ്രസ് ട്രെയിൻ മാത്രമാണ് അപകടത്തിൽപ്പെട്ടതെന്നും മണിക്കൂറിൽ 128 കിലോമീറ്റർ വേഗത്തിലായിരുന്നു ഈ ട്രെയിനെന്നും അവർ വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ജയവർമ സിൻഹ കൂട്ടിച്ചേർത്തു. അതേസമയം, നടന്നത് അശ്രദ്ധ മൂലമുണ്ടായ വലിയ അപകടമാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.