മറ്റ് റെയിൽവേ മന്ത്രിമാർ ദുരന്തം; ഒഡീഷ ട്രെയിനപകടത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിർത്തണമെന്ന് ബിജെപി

Sunday 04 June 2023 6:57 PM IST

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുന്നത് നിർത്തലാക്കണമെന്ന് ബിജെപി. 300-ഓളം പേരുടെ മരണത്തിന് കാരണമായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ യുപിഎ കാലത്തെ ട്രെയിൻ അപകടങ്ങളെക്കുറിച്ചടക്കമുള്ള വിവരങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.

ബിജെപി ഭരണകാലത്ത് റെയിൽവേ വികസനവും സുരക്ഷയും മെച്ചപ്പെട്ടു. യുപിഎ കാലത്തെ റെയിൽവേ മന്ത്രിമാർ ദുരന്തമായിരുന്നുവെന്നും എന്നാൽ അശ്വിനി വൈഷ്ണവ് എക്കാലത്തെയും യോഗ്യതയുള്ള മന്ത്രിയാണെന്നും അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. മമതാ ബാനർജി, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ് എന്നീ മുൻകാല റെയിൽവേ മന്ത്രിമാരുടെ കാലയളവിലുണ്ടായ ട്രെയിൻ അപകടങ്ങളുടെ എണ്ണവും അമിത് മാളവ്യ പങ്കുവെച്ചു.