ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് വിവരമില്ല, റെയിൽവേ പുറത്തുവിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് മമത ബാനർജി
കൊൽക്കത്ത : ഒഡിഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്തുവിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ലെന്ന് മമത ബാനർജി പറഞ്ഞു. മരിച്ചവരിൽ 62 പേർ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ 182 പേരെ കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ലെന്ന് മമത പറഞ്ഞു.
ആയിരത്തിലേറെ പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്തു സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവേ തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നതെന്നും മമത ബാനർജി ആരോപിച്ചു. എന്തു കൊണ്ടാണ് മരണക്കണക്ക് കുറച്ചു കാണിക്കുന്നത്, ഏറ്റവും ദാരുണമായ അപകടമാണ് ഉണ്ടായത്. തങ്ങളുടെ പിഴവിൽ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.
അതേസമയം ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ബോർഡ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടയിലാണ് സിബിഐ അന്വേഷണമുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ് തന്നെ അറിയിച്ചത്. ട്രെയിൻ അപകടത്തിൽ റെയിൽവേയുടെ ആഭ്യന്തര അന്വേഷണത്തിന് പുറമേ മറ്റ് ഏജൻസികളെ പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ സൂചന നൽകിയിരുന്നു.