വാലിബൻ 10ന് പാക്കപ്പ്
ക്ളൈമാക്സിൽ മറ്റൊരു വേഷപ്പകർച്ചയിൽ മോഹൻലാൽ
മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ജൂൺ പത്തിന് ചെന്നൈയിൽ പാക്കപ്പ് ആകും. ഇപ്പോൾ പോണ്ടിച്ചേരിയിൽ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ക്ളൈമാക്സിൽ മറ്റൊരു വേഷപ്പകർച്ചയിൽ മോഹൻലാൽ എത്തുന്നതാണ് വാലിബന്റെ ഹൈലൈറ്റ്. ഇൗ വേഷത്തിലേക്ക് കമൽഹാസനെയോ ഋഷഭ ഷെട്ടിയെയോ കൊണ്ടു വരാൻ അണിയറ പ്രവർത്തകർ നീക്കം നടത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ക്ളൈമാക്സിൽ ആരാധകരെ ആവേശഭരിതരാക്കുന്ന വേഷപ്പകർച്ചയിലാണ് മോഹൻലാൽ എത്തുക .എന്നാൽ അച്ഛനും മകനുമായി ഇരട്ടവേഷത്തിൽ എത്തുന്നില്ല.
മറാത്തി നടി സൊണാലി കുൽകർണിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് വാലിബൻ. ബംഗാളി അഭിനേത്രി കദ നന്ദി, മലയാളത്തിൽനിന്ന് ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, സുചിത്ര നായർ തുടങ്ങിയവരുടെ സാന്നിദ്ധ്യവുമുണ്ട്. ക്രിസ്മസ് റിലീസായി പ്ളാൻ ചെയ്യുന്ന വാലിബനിന്റെ ചിത്രീകരണം ജനുവരി പത്തിന് രാജസ്ഥാനിലാണ് ആരംഭിച്ചത്.
അറുപത് ദിവസത്തെ ചിത്രീകരണം ആയിരുന്നു രാജസ്ഥാനിൽ.ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു . പി.എസ്. റഫീഖിന്റേതതാണ് തിരക്കഥ. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ്‌ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് വാലിബൻ. പ്രതീഷ് ശേഖർ ആണ് പി.ആർ. ഒ.