ആദ്യ വിദേശയാത്രയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു
Monday 05 June 2023 12:00 AM IST
ന്യൂഡൽഹി: രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുളള ആദ്യ വിദേശയാത്രയ്ക്ക് ദ്രൗപദി മുർമു ഇന്നലെ പുറപ്പെട്ടു. ആറുദിവസത്തെ വിദേശയാത്രയിൽ ദക്ഷിണ അമേരിക്കൻ രാജ്യമായ സുരിനാം, സെൻട്രൽ യൂറോപ്യൻ രാജ്യമായ സെർബിയ എന്നിവ സന്ദർശിക്കും. സുരിനാം പ്രസിഡന്റ് ചന്ദ്രികാപെർസാദ് സന്തോഖിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. സുരിനാമിൽ ഇന്ത്യക്കാർ എത്തിയതിന്റെ 150ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും. അവിടത്തെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്‌ച നടത്തും. ഏഴ് മുതൽ ഒൻപത് വരെയാണ് സെർബിയയിലെ സന്ദർശനം. കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.