അഗ്നിശമന സേനക്ക് കരുത്തേകി പുതിയ വാഹനങ്ങൾ  

Monday 05 June 2023 12:04 AM IST

മാന്നാർ: ചെങ്ങന്നൂർ അഗ്നിശമന സേനക്ക് കരുത്തേകി ആധുനിക സജ്ജീകരങ്ങളോടുകൂടിയ പുതിയ വാഹനങ്ങളെത്തി. വലിയ അഗ്നിബാധകളിൽ നേരിട്ട് ഉപയോഗിക്കുന്നതിനുള്ള മോണിറ്ററോടുകൂടിയ ഫയർ ടെൻഡറും, ഡിങ്കി ബോട്ടുകൾ ഘടിപ്പിച്ച പിക്ക് അപ്പ് വാഹനമായ സ്കൂബ വാനുമാണ് ചെങ്ങന്നൂർ അഗ്നിരക്ഷാ നിലയത്തിൽ എത്തിയത്. 5000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കും അത്യാധുനിക അഗ്നിശമന ഉപകരണങ്ങളോടു കൂടിയ ഫയർ ടെൻഡർ വാഹനത്തിൽ അധികമായി രണ്ടു ഫയർ എസ്റ്റിഗ്വഷറുകളും ഉണ്ടാകും. അപകട സ്ഥലങ്ങളിൽ കൂടുതൽ ഉയരത്തിലും ശക്തിയിലും വെള്ളം ചീറ്റി ഒഴിക്കുന്നതിനുള്ള മോണിട്ടർ എന്ന മെറ്റൽ ഹോസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന് 50 ലക്ഷത്തിൽ അധികം വില വരും. പ്രളയത്തെ തുടർന്ന് നദികളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് സ്കൂബ വാൻ അനുവദിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മന്ത്രി സജി ചെറിയാൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ എം.ജി ശ്രീകുമാർ, പ്രസന്ന രമേശ്, പി.ആർ രമേശ് കുമാർ, സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ് എന്നിവർ സംസാരിച്ചു.