തെലങ്കാനയിലും ബി.ജെ.പിയെ തകർക്കും: രാഹുൽ ഗാന്ധി

Monday 05 June 2023 6:26 AM IST

ന്യൂയോർക്ക്: കർണാടകയിലേത് പോലെ തെലങ്കാനയടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ തകർക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂയോർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് - യു.എസ്.എ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് രാഹുൽ ന്യൂയോർക്കിലെത്തിയത്.

ബി.ജെ.പിയെ തകർക്കാനാകുമെന്ന് കർണാടകയിൽ തെളിയിച്ചു കഴിഞ്ഞു. ഞങ്ങൾ അവരെ തോൽപ്പിച്ചതല്ല, തകർത്തുകളയുകയാണ് ചെയ്തത്. കർണാടക തിരഞ്ഞെടുപ്പിൽ സാദ്ധ്യമായതെല്ലാം ബി.ജെ.പി പ്രയോഗിച്ചു. മാദ്ധ്യമങ്ങൾ പോലും അവർക്കൊപ്പമായിരുന്നു. ഞങ്ങൾക്കുള്ളതിനേക്കാൾ പത്തിരട്ടി പണം അവർക്കുണ്ടായിരുന്നു.

സർക്കാരും ഏജൻസിയുമൊക്കെ അവരുടെ കൈയിലായിരുന്നു. അവർക്ക് എല്ലാമുണ്ടായിരുന്നു. എന്നിട്ടും ഞങ്ങൾ അവരെ തകർത്തു. ഇനി തെലങ്കാനയിലാണ് ഞങ്ങൾ അവരെ തകർക്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തെലങ്കാനയിൽ ബി.ജെ.പിയെ കാണാൻ സാധിക്കുന്നത് പ്രയാസമാകും.

തെലങ്കാനയെ കൂടാതെ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും കർണാടകയിൽ സംഭവിച്ചത് നടക്കും. ബി.ജെ.പിയെ തോൽപ്പിക്കാൻ പോകുന്നത് കോൺഗ്രസ് മാത്രമല്ല, ഇവിടുത്തെ ജനങ്ങൾ കൂടിയാണ്. ബി.ജെ.പി സമൂഹത്തിലേക്ക് പടർത്തുന്ന വിദ്വേഷവുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇന്ത്യ മനസിലാക്കി.

ഈ സംസ്ഥാനങ്ങളിൽ അത് കാണാം. അതിന് ശേഷം 2024ലും അത് സംഭവിക്കും. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും രാഹുൽ പറഞ്ഞു. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസും കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യൻ വംശജർക്കുമൊപ്പം പരിപാടിയിൽ പങ്കെടുത്തു.

ന്യൂയോർക്കിൽ യു.എസ് മുൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെൽറ്റിന്റെ വസതിയായ റൂസ്‌വെൽറ്റ് ഹൗസിൽ നടന്ന സംവാദ പരിപാടിയിലും രാഹുൽ പങ്കെടുത്തിരുന്നു.

 കേന്ദ്ര സർക്കാരിനെതിരെ രാഹുൽ

ഒഡീഷ ദുരന്തത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി. ' 270ലേറെ മരണമുണ്ടായിട്ടും ആർക്കും ഉത്തരവാദിത്വമില്ല. ഇത്രയും വേദനാജനകമായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോദി സർക്കാരിന് ഒളിച്ചോടാനാകില്ല. പ്രധാനമന്ത്രി ഉടൻ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണം' രാഹുൽ ട്വീറ്റ് ചെയ്തു.

Advertisement
Advertisement