ഒഡീഷ ട്രെയിൻ ദുരന്തം; അൻപത്തിയൊന്ന് മണിക്കൂറിന് ശേഷം സർവീസ് പുനരാരംഭിച്ച് റെയിൽവേ

Monday 05 June 2023 9:53 AM IST

ബാലസോർ: ട്രെയിൻ ദുരന്തം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ബാലസോറിൽ ഗതാഗതം പുനസ്ഥാപിച്ച് റെയിൽവേ. റെയിൽവേ ട്രാക്കിൽ അൻപത് മണിക്കൂറിലേറെ നീണ്ടുനിന്ന അറ്റകുറ്റണികൾക്ക് ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. ഈ സമയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥലത്തുണ്ടായിരുന്നു.

'അൻപത്തിയൊന്ന് മണിക്കൂറുകൾക്കകം ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ട്രെയിനിന്റെ മൂവ്‌മെന്റ് സാധാരണഗതിയിലാണ്.'- മന്ത്രി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഒഡീഷയിലുണ്ടായത്. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 275 പേർ മരിക്കുകയും, 1,100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നിലവിൽ 260ലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്. തൊള്ളായിരത്തോളം പേർ ആശുപത്രി വിട്ടു. റെയിൽവേ മന്ത്രിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ളവർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അതേസമയം ട്രെയിൻ ദുരന്തത്തിന് പിന്നിൽ അട്ടിമറിയാണെന്ന സംശയം ഉയർന്നതോടെ റെയിൽവേ ബോർഡ് സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. ട്രെയിനുകൾ നിശ്ചിത ട്രാക്കുകളിലൂടെ സുരക്ഷിതമായി കടന്നുപോകുന്നു എന്ന് ഉറപ്പാക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിലോ ട്രെയിനിന്റെ ഗതി തിരിച്ചുവിടാൻ പാളങ്ങളെ ആവശ്യാനുസരണം ബന്ധിപ്പിക്കുന്ന പോയിന്റ് മെഷീനിലോ തിരിമറി നടന്നു എന്നാണ് സംശയം. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ സിബിഐ സംഘം ബാലസോറിലെത്തും.

ലോക്കോ പൈലറ്റിന്റെ പിഴവോ,​ സിഗ്നലിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാറോ അല്ല അപകടകാരണമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. കോറമണ്ഡൽ എക്‌സ്‌പ്രസിന് മെയിൻ ലൈനിലൂടെ പോകാൻ ആദ്യം നൽകിയ ഗ്രീൻ സിഗ്നൽ പിന്നീട് പിൻവലിച്ചതായും തുടർന്നാണ് 128 കിലോമീറ്റർ വേഗതയിൽ വന്ന ട്രെയിൻ പൊടുന്നനെ ലൂപ്പ് ലൈനിലേക്ക് തിരിഞ്ഞ് ഗുഡ്സിൽ ഇടിച്ചതെന്നും റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.