അതായിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം, അന്ന് മുറിയിലിരുന്ന് ഒരുപാട് കരഞ്ഞു; എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിട്ടെന്ന് ഉല്ലാസ് പന്തളം

Monday 05 June 2023 12:33 PM IST

വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ഓർമകൾ പങ്കുവച്ച് സുഹൃത്തും മിമിക്രി താരവുമായ ഉല്ലാസ് പന്തളം. രാവിലെ ഫോൺ കോൾ കേട്ടാണ് ഉണർന്നതെന്നും സുധി പോയി എന്ന അലർച്ച മറുതലയ്ക്കലിൽ നിന്ന് കേട്ടപ്പോൾ ശരീരം തളർന്നുപോയെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


താനും കൂടി പോകേണ്ടിയിരുന്ന ഷോ ആയിരുന്നു അതെന്നും ഉല്ലാസ് പന്തളം വെളിപ്പെടുത്തി. ' 'ഒന്നാം തീയതി ഞങ്ങൾ ഒരുമിച്ചുകൂടിയിരുന്നു. അന്ന് മുറിയിലിരുന്ന് അവൻ ഒരുപാട് കരഞ്ഞു. കഷ്ടപ്പാടുകൾ ഒരുപാട് അനുഭവിച്ച കലാകാരനാണ്. വീടു വയ്ക്കണമെന്നതായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സുധിയെ ഞങ്ങൾ ആശ്വസിപ്പിച്ചുവിട്ടതാണ്. നിഷ്‌കളങ്കനായ കലാകാരനായിരുന്നു. എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല.'- ഉല്ലാസ് പന്തളം പറഞ്ഞു.

തൃശൂർ കയ്പമംഗലത്ത് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.