അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല; ആനയെ കേരളത്തിന് കെെമാറണമെന്ന് മദ്രാസ് ഹെെക്കോടതിയിൽ ഹർജി

Monday 05 June 2023 3:02 PM IST

ചെന്നെെ: അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹെെക്കോടതി. ആനയെ കാട്ടിൽ തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹെെക്കോടതിയിൽ ഹർജിയെത്തിയ സാഹചര്യത്തിലാണ് തീരുമാനം. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് മദ്രാസ് ഹെെക്കോടതിയെ സമീപിച്ചത്. ആനയെ കേരളത്തിന് കെെമാറണമെന്നും ഹർജിയിൽ പറയുന്നതായാണ് സൂചന. ഹർജി നാളെ രാവിലെ 10.30ന് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയിലായിരിക്കും ആന.

കമ്പത്തിന് സമീപം പൂശാനംപെട്ടിയിൽ വച്ച് ഇന്ന് പുലർച്ചെ 12.30ഓടെയാണ് മയക്കുവെടിവച്ച് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ പിടികൂടിയത്. പൂശാനംപെട്ടിക്കു സമീപം കാടുവിട്ട് ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. രണ്ട് ഡോസ് മയക്കുവെടി വച്ചതിനുശേഷം എലിഫെന്റ് ആംബുലൻസിൽ കയറ്റിയാണ് കൊണ്ടുപോയത്. മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലാണ്. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടുകയും ചെയ്‌തു. ആനയുടെ തുമ്പിക്കൈയിൽ മുൻപ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്. ലോറിയിൽവച്ചുതന്നെ ആനയ്ക്ക് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയേക്കുമെന്നാണ് സൂചന.