നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന പോക്‌സോ കേസ്; രഹ്ന ഫാത്തിമയ്ക്കെതിരായ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി

Monday 05 June 2023 3:48 PM IST

കൊച്ചി: സ്വന്തം കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്കെതിരായുള്ള തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. രഹ്ന ഫാത്തിമയുടെ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രങ്ങൾ വരപ്പിച്ചു എന്നതായിരുന്നു രഹ്ന ഫാത്തിമയ്ക്കെതിരെ ചുമത്തിയ കേസ്. ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമായിരുന്നു സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും, വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമായിരുന്നു ഹർജിയിൽ രഹ്ന ഫാത്തിമ ചൂണ്ടിക്കാട്ടിയത്. പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ തനിക്കെതിരെ ചുമത്തുന്നത് തെറ്റാണെന്നും രഹ്നാ ഫാത്തിമ കോടതിയെ അറിയിച്ചിരുന്നു.

'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്റെ ശരീരത്തിൽ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകനായിരുന്നു പൊലീസിൽ പരാതി നൽകിയത്.