കാട്ടാക്കടയെ വിറപ്പിച്ച ജോയ് റോസ് അറസ്‌റ്റിൽ
Monday 05 June 2023 5:22 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിധിയിൽ രാത്രി വൈകി നടത്തിയ പരിശോധനയിൽ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ജോയ് റോസ് എന്ന് വിളിക്കുന്ന അജിത്ത് ലാലിനെ 1.2 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു.
കാട്ടാക്കട തൂങ്ങാൻ പാറ മാറനല്ലൂർ പ്രദേശത്ത് സ്കൂൾ, കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനികളിൽ ഒരുവനാണ് പിടിയിലായ ജോയ് റോസ്. ഐ.ബി പ്രിവന്റീവ് ഓഫീസർ ഷാജു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാനും പാർട്ടിയും ചേർന്നാണ് കേസ് എടുത്തത്.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഷാജി കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ്, അനീഷ് കുമാർ, യു കെ ലാൽ കൃഷ്ണ, അനീഷ് എന്നിവരും പങ്കെടുത്തു.